20, August, 2026
Updated on 20, August, 2026 2
വാഷിങ്‌ടൺ: യു.എസിലെ പെൻസിൽവാനിയയിൽ പോലീസ് ഹെലികോപ്റ്ററും ചെറുവിമാനവും ആകാശത്തുവെച്ച് കൂട്ടിയിടിച്ചു. കാർലൈൽ വിമാനത്താവളത്തിന് സമീപം ബുധനാഴ്ച പ്രാദേശിക സമയം വൈകീട്ട് 7.50-ഓടെയാണ് അപകടമുണ്ടായത്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും സംസ്ഥാന അധികൃതരും അപകടവിവരം സ്ഥിരീകരിച്ചു.
പെൻസിൽവാനിയ സ്റ്റേറ്റ് പോലീസിന്റെ ബെൽ 407 ഹെലികോപ്റ്ററും സെസ്ന 150 ചെറുവിമാനവുമാണ് കൂട്ടിയിടിച്ചതെന്ന് സംസ്ഥാന ഗവർണർ ജോഷ് ഷാപിറോ വ്യക്തമാക്കി. ഹെലികോപ്റ്ററിൽ രണ്ടുപേർ ഉണ്ടായിരുന്നു. എന്നാൽ ചെറുവിമാനത്തിൽ എത്രപേർ ഉണ്ടായിരുന്നുവെന്നോ അപകടത്തിൽപ്പെട്ടവരുടെ ആരോഗ്യനിലയെക്കുറിച്ചോ ഉള്ള വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.
എയർ ട്രാഫിക് കൺട്രോൾ ടവറോ നിയന്ത്രകരോ ഇല്ലാത്ത 'അൺകൺട്രോൾഡ്' വിഭാഗത്തിൽപ്പെടുന്നതാണ് കാർലൈൽ വിമാനത്താവളം. പൈലറ്റുമാർ ഒരേ റേഡിയോ ഫ്രീക്വൻസി ഉപയോഗിച്ച് സന്ദേശങ്ങൾ കൈമാറിയാണ് ഇത്തരം വിമാനത്താവളങ്ങളിൽ ഗതാഗതം ഏകോപിപ്പിക്കുന്നത്. എയർ ട്രാഫിക് കൺട്രോൾ സംവിധാനമില്ലാത്ത പ്രദേശത്ത് ഇരു വിമാനങ്ങളും ഒരേ വ്യോമപാതയിൽ എങ്ങനെ എത്തിയെന്നതിനെക്കുറിച്ച് നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം ആരംഭിച്ചു.