കെനിയയില്‍ വിനോദസഞ്ചാര ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 7 മരണം; 5 പേര്‍ അമേരിക്കക്കാര്‍


20, August, 2026
Updated on 20, August, 2026 5



നെയ്‌റോബി: വടക്കൻ കെനിയയിലെ സാംബുരു കൗണ്ടിയിൽ വിനോദസഞ്ചാര ഹെലികോപ്റ്റർ തകർന്നു വീണ് അഞ്ച് അമേരിക്കക്കാർ ഉൾപ്പെടെ ഏഴുപേർ മരിച്ചു. ബുധനാഴ്ച ലോലോക്വെ മലനിരകൾക്ക് സമീപമാണ് അപകടമുണ്ടായത്.യൂറോകോപ്റ്റർ EC130 B4 ഹെലികോപ്റ്റർ ലോയിസാബയിൽ നിന്ന് ഇവാസോ നൈറോയിലേക്ക് പോകുന്നതിനിടെ പ്രാദേശിക സമയം രാവിലെ 9.13-ഓടെയായിരുന്നു അപകടം. ഹെലികോപ്റ്ററിലുണ്ടായിരുന്ന ഏഴുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചതായി കെനിയൻ സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചു.അമേരിക്കൻ പൗരന്മാരായ റോജർ എഡ്വേർഡ് ഡുവാർട്ടെ, ആദം മാർട്ടിൻ ഹ്ലാവറ്റി, ഹെന്റി പാര, ജോസ് ആൽബർട്ടോ സുവാരസ്, ഇക്വഡോർ-അമേരിക്കൻ പൗരയായ സ്റ്റെഫാനി മരിയ ഹൊളിഹാൻ വാസ്‌കോനെസ്, ഇക്വഡോർ പൗരനായ മിഷേൽ സെൻസി-കോണ്ടൂഗി, കെനിയൻ പൈലറ്റ് ജോഷ് ഔട്രം എന്നിവരാണ് കൊല്ലപ്പെട്ടത്. മരിച്ച മിഷേൽ സെൻസി-കോണ്ടൂഗി ഇക്വഡോറിലെ ദേശീയ ഇന്റലിജൻസ് മേധാവിയാണ്. ഭാര്യ ഹൊളിഹാനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. മരിച്ച ജോസ് സുവാരസ് പ്രമുഖ മാധ്യമ സ്ഥാപനമായ ടെലിമുണ്ടോയുടെ വിവിധ സ്റ്റേഷനുകളുടെ പ്രസിഡന്റും ജനറൽ മാനേജരുമായിരുന്നു.ദുർഘടമായ ഭൂപ്രകൃതിയും അപകടത്തെത്തുടർന്ന് പടർന്ന തീയും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചതായി കെനിയൻ റെഡ് ക്രോസ് അറിയിച്ചു. അപകടത്തിൽ അഞ്ച് അമേരിക്കക്കാർ മരിച്ചതായി കെനിയയിലെ യു.എസ്. എംബസിയും സ്ഥിരീകരിച്ചു. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ കോൺസുലർ സഹായങ്ങൾ ഉറപ്പാക്കുമെന്നും അറിയിച്ചു.അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ദുരന്തത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഹെലികോപ്റ്റർ സർവീസ് കമ്പനി അധികൃതർ അറിയിച്ചു.



































Feedback and suggestions