14, September, 2026
Updated on 14, September, 2026 1
വ്യക്തികേന്ദ്രീകൃത വിമർശനങ്ങളും കടുത്ത പരാമർശങ്ങളും ഒഴിവാക്കാൻ കർശന നിർദ്ദേശം നൽകിയിരിക്കെ, കോഴിക്കോട് ആരംഭിച്ച സി.പി.എം വിശാല സംസ്ഥാന സമിതി യോഗത്തിൽ തെറ്റുതിരുത്തൽ കരട് റിപ്പോർട്ടിനെതിരെ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ രൂക്ഷവിമർശനം. ഗ്രൂപ്പ് ചർച്ചകളിൽ സംഘടന നേരിടുന്ന പ്രശ്നങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ നേതൃത്വം ആവശ്യപ്പെട്ടിരുന്നു.ചർച്ചകളിൽ ഓരോ ജില്ലയ്ക്കും അരമണിക്കൂർ സമയവും, വർഗ്ഗ ബഹുജന സംഘടനകൾക്ക് 5 മുതൽ 10 മിനിറ്റ് വരെയും മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഇതിനിടയിലാണ് നേതൃത്വത്തിന്റെ നിയന്ത്രണങ്ങളെ മറികടന്ന് കണ്ണൂർ ഘടകം ശക്തമായ എതിർപ്പുമായി രംഗത്തെത്തിയത്. പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ച് കരട് റിപ്പോർട്ടിൽ പരാമർശിക്കുമ്പോൾ തളിപ്പറമ്പ് സ്ഥാനാർത്ഥിത്വ വിവാദം ഒഴിവാക്കിയതിനെതിരെ യോഗത്തിൽ കടുത്ത വിമർശനമുയർന്നു.തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം സംസ്ഥാന സെക്രട്ടേറിയറ്റ് അണികളുടെയും പ്രാദേശിക നേതൃത്വത്തിന്റെയും മേൽ മാത്രം ചാരുകയാണെന്നും, സംസ്ഥാന നേതൃത്വം തന്നെ സമ്പൂർണ്ണ പരാജയമാണെന്നും പൊതുചർച്ചയിൽ കുറ്റപ്പെടുത്തി. കരട് റിപ്പോർട്ടിൽ സംസ്ഥാന സെക്രട്ടേറിയറ്റ് സ്വന്തം വീഴ്ചകളെക്കുറിച്ച് സംസാരിക്കുകയോ സ്വയം വിമർശനം ഉന്നയിക്കുകയോ ചെയ്യുന്നില്ലെന്നും കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ തുറന്നടിച്ചു. കശനമായ സമയപരിധികളും നിയന്ത്രണങ്ങളും നിലനിൽക്കെ നേതൃത്വത്തിനെതിരെ ഉയർന്ന ഈ രൂക്ഷമായ വിമർശനങ്ങൾ പാർട്ടി തലത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.