ട്രാഫിക് നിയന്ത്രിക്കാൻ ‘ദക്ഷ’, രക്ഷാപ്രവർത്തനത്തിന് ‘കവച്..! റോബോട്ട് യുഗത്തിൽ പോലീസ്


10, October, 2026
Updated on 10, October, 2026 12


കൊച്ചി: ട്രാഫിക് നിയന്ത്രണം മുതൽ ദുരന്തമേഖലകളിലെ രക്ഷാപ്രവർത്തനം വരെ, പോലീസിന്റെ ജോലികൾക്ക് സഹായവുമായി ഇനി റോബോട്ടുകളും. പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ട് കേരള പോലീസ് നൂതന റോബോട്ടിക് സംവിധാനങ്ങൾ പരിചയപ്പെടുത്തി. പാനായിക്കുളം ആസ്ഥാനമായുള്ള ഐ ഹബ് റോബോട്ടിക്സ് വികസിപ്പിച്ച റോബോട്ടുകൾ വ്യവസായം, വിദ്യാഭ്യാസം, ട്രാഫിക് നിയന്ത്രണം, ദുരന്തനിവാരണം, രക്ഷാപ്രവർത്തനം തുടങ്ങിയ മേഖലകളിൽ ഉപയോഗിക്കാനാകും.


താര വിഭാഗത്തിൽ രണ്ട് മോഡലുകളാണ് നിലവിൽ പ്രവർത്തനസജ്ജമായിട്ടുള്ളത്. താര-1 ആളുകളെ സ്വാഗതം ചെയ്യാൻ കഴിയുന്ന റിസപ്ഷനിസ്റ്റ് റോബോട്ടാണ്. നൂറിലധികം ഭാഷകളിൽ സംസാരിക്കാനുള്ള ശേഷിയും ഇതിനുണ്ട്. താര ടീച്ച് അഥവാ താര ലേൺ എന്ന റോബോട്ടിന് ക്ലാസുകൾ എടുക്കാനും സങ്കീർണമായ വിഷയങ്ങളെ ലളിതമായ ഭാഗങ്ങളാക്കി തിരിച്ച് പഠിപ്പിക്കാനും കഴിയും. വ്യാവസായിക ആവശ്യങ്ങൾക്കായി വികസിപ്പിച്ച ദക്ഷ റോബോട്ടിനെ വ്യവസായശാലകളിലെ ദൈനംദിന ജോലികൾക്കും ട്രാഫിക് നിയന്ത്രണത്തിനും ഉപയോഗിക്കാം. മണിക്കൂറുകളോളം റോഡുകളിൽ ജോലി ചെയ്യേണ്ടിവരുന്ന പോലീസുകാരുടെ ജോലിഭാരം കുറയ്ക്കാൻ ഇത്തരം റോബോട്ടുകൾ സഹായകമാകുമെന്നാണ് പ്രതീക്ഷ.ഭാരമുള്ള വസ്തുക്കൾ ഉയർത്താനുള്ള ശേഷിയുള്ള കവച് സംവിധാനവും പ്രദർശിപ്പിച്ചു. ദുഷ്കരമായ ഭൂപ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്താനും ആവശ്യമായ വസ്തുക്കൾ എത്തിക്കാനും ഇതിന് കഴിയും. പ്രതിരോധ സേനയ്ക്കായി സിയാച്ചിൻ പോലുള്ള ദുർഘട മേഖലകളിൽ ആയുധസന്നാഹങ്ങളോടെ കാവൽനിൽക്കാൻ ശേഷിയുള്ള കർണ എന്ന ജനറേഷൻ മൂന്ന് ഹ്യൂമനോയ്ഡ് റോബോട്ടുകളും കമ്പനി വികസിപ്പിച്ചുവരികയാണ്. പോലീസിന്റെയും പ്രതിരോധ സേനയുടെയും പ്രവർത്തനങ്ങളിൽ സാങ്കേതികവിദ്യയുടെ ഉപയോഗം വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ സംവിധാനങ്ങൾ ശ്രദ്ധ നേടുന്നത്.ഇടുക്കി ബൈസൺവാലി സ്വദേശി കൃഷ്ണ ആദിൽ, പാലക്കാട് ഇരുവാലശേരി സ്വദേശി എച്ച്. അഖിൽ ഹരിദാസ്, തിരുവനന്തപുരം രാമപുരം സ്വദേശി എസ്. ശരത്ത് എന്നിവരാണ് കമ്പനിക്ക് തുടക്കമിട്ടത്. കോയമ്പത്തൂരിൽ എൻജിനിയറിങ് പഠിക്കുന്ന കാലത്താണ് ഇവർ സംരംഭം ആരംഭിച്ചത്. പിന്നീട് നിർമാണകേന്ദ്രം എറണാകുളത്തേക്ക് മാറ്റി, തുടർന്ന് കൊച്ചിയിൽ പ്രവർത്തനം വിപുലീകരിച്ചു. പ്രാദേശികമായി ആരംഭിച്ച ഈ സംരംഭം വികസിപ്പിച്ച റോബോട്ടുകൾ ഇപ്പോൾ പോലീസ്, വ്യവസായം, വിദ്യാഭ്യാസം, രക്ഷാപ്രവർത്തനം, പ്രതിരോധം തുടങ്ങിയ മേഖലകളിൽ പുതിയ സാധ്യതകൾ തുറക്കുകയാണ്.






Feedback and suggestions