ഡൽഹിയിലെ പോലീസ് വേട്ടയ്‌ക്കെതിരെ രാഹുൽ ഗാന്ധി, നാളെ കോൺഗ്രസസും ഇന്ത്യ സഖ്യവും തെരുവിലിറങ്ങും


11, October, 2026
Updated on 11, October, 2026 12


മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന ഡൽഹി പോലീസിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എത്രയധികം പോലീസിനെ ഇറക്കിയാലും ബി.ജെ.പിയിൽ നിന്നും ആർ.എസ്.എസിൽ നിന്നും ആളുകളെ വിളിച്ചുവരുത്തിയാലും തെരുവിലിറങ്ങിയവർ ഭയപ്പെടാനോ പിന്മാറാനോ പോകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ഭരണകൂടവും മോദിയും എത്രത്തോളം അടിച്ചമർത്താൻ ശ്രമിക്കുന്നുവോ, അത്രയും കൂടുതൽ കരുത്തോടെ ജനറേഷൻ സിയും (Gen Z) വിദ്യാർത്ഥികളും പ്രക്ഷോഭ രംഗത്തുണ്ടാകുമെന്നും ഈ പോരാട്ടം ഇവിടെ അവസാനിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


അമിത് ഷായുടെ കീഴിലുള്ള ഡൽഹി പോലീസ് ക്രൂരമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർ സ്ത്രീകൾക്കും യുവാക്കൾക്കും നേരെ ആക്രമണം അഴിച്ചുവിടുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഒക്ടോബർ 12-ന് കോൺഗ്രസും ഇന്ത്യാ സഖ്യവും രാജ്യത്തെ വൻ യുവജന സമൂഹവും ഒന്നിച്ച് വീണ്ടും തെരുവിലിറങ്ങുമെന്നും മുൻപത്തേക്കാൾ ശക്തമായ ശബ്ദത്തിൽ പ്രതിഷേധം ഉയർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


അതേസമയം, ഡൽഹിയിൽ പ്രതിഷേധങ്ങൾ കൂടുതൽ ശക്തമാക്കാനാണ് സി.ജെ.പി.യുടെയും വിവിധ വിദ്യാർത്ഥി സംഘടനകളുടെയും തീരുമാനം. എസ്.എഫ്.ഐ, ഐസ തുടങ്ങിയ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളും ഇന്ന് ജന്തർ മന്തറിലേക്ക് സമരം പ്രഖ്യാപിച്ചിട്ടുണ്ട്.സമരത്തിനിടെ കസ്റ്റഡിയിലായവരെ ഉടൻ വിട്ടയക്കണമെന്ന് യു.എൻ. മനുഷ്യാവകാശ കമ്മീഷണറുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും, രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടലാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ ഈ ആവശ്യം തള്ളിക്കളയുകയായിരുന്നു.




Feedback and suggestions