11, October, 2026
Updated on 11, October, 2026 9
ഡൽഹിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് വിദ്യാർഥി സംഘടനകൾ നടത്തുന്ന പ്രതിഷേധങ്ങൾക്കിടെ രൂക്ഷമായ പോലീസ് അതിക്രമം. കൊണാട്ട് പ്ലേസിൽ ദിശാ സ്റ്റുഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടയിലേക്ക് ഇരച്ചുകയറിയ പോലീസ്, സമരക്കാരെ ക്രൂരമായി മർദിക്കുകയും ബലമായി വലിച്ചിഴച്ച് വാഹനത്തിലേക്ക് കയറ്റുകയും ചെയ്തു. വാഹനത്തിനകത്തിട്ട് വിദ്യാർഥികളെ ചവിട്ടുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കൊണാട്ട് പ്ലേസിന്റെ ഔട്ടർ റൗണ്ടിൽ റോഡ് ഉപരോധിച്ച് കുത്തിയിരുന്ന് പ്രതിഷേധിച്ചവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയത്. ക്രാന്തികാരി പാർട്ടി, ഭാരത് ക്രാന്തികാരി മസ്ദൂർ പാർട്ടി തുടങ്ങിയ സംഘടനകളുടെ പ്രവർത്തകരും സമരത്തിൽ പങ്കെടുത്തിരുന്നു. കൊണാട്ട് പ്ലേസ്, ആർ.കെ. ആശ്രം മാർഗ് എന്നിവിടങ്ങളിൽ പ്രതിഷേധിച്ച നൂറോളം വിദ്യാർഥികളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഐസ നേതാവ് നേഹാ ബോറയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റോഡിൽ കുത്തിയിരുന്ന് സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികളെ പോലീസ് നിലത്തിട്ട് വലിച്ചിഴയ്ക്കുകയും പോലീസ് വാനിൽ വെച്ച് മർദിക്കുകയും ചെയ്തു. സമരകേന്ദ്രങ്ങൾ മാറിമാറിയുള്ള പ്രതിഷേധങ്ങളെ നേരിടാൻ സൻസദ് മാർഗ് പ്രദേശം പൂർണ്ണമായും ആർ.പി.എഫും സി.ആർ.പി.എഫും ഡൽഹി പോലീസും ചേർന്ന് കർശന നിരീക്ഷണത്തിലാണ്.