1, November, 2026
Updated on 1, November, 2026 7
അമേരിക്കൻ ആക്രമണ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഏത് വിധേനയുള്ള തിരിച്ചടിയ്ക്കും സജ്ജരാകാൻ സേനാ മേധാവിമാർക്ക് നിർദേശം നൽകി ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയി. പ്രത്യാക്രമണത്തിന് രാജ്യാതിർത്തികൾ പരിഗണിക്കേണ്ടതില്ലെന്നും, യുദ്ധം ആര് ആരംഭിച്ചാലും അത് എന്ന്, എങ്ങനെ അവസാനിക്കണമെന്ന് തീരുമാനിക്കുന്നത് ഇറാനായിരിക്കുമെന്നും സേനാ തലവന്മാരുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹം വ്യക്തമാക്കി. മുജ്തബ ഖമനെയി തീരുമാനങ്ങളെടുക്കാൻ പ്രാപ്തനല്ലെന്ന അമേരിക്കൻ അവകാശവാദങ്ങൾ തള്ളിക്കൊണ്ടാണ് അദ്ദേഹത്തിന്റെ കർശന മുന്നറിയിപ്പ്.അമേരിക്കയിൽ ഇടക്കാല തിരഞ്ഞെടുപ്പ് പൂർത്തിയായതോടെ ഇറാന് മേൽ ആക്രമണം ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ഈ സാഹചര്യത്തിലാണ് ഉടനടി പ്രത്യാക്രമണം നടത്തുന്നതിനായി സൈന്യത്തെ സജ്ജമാക്കി നിർത്തിയിരിക്കുന്നത്. എന്നാൽ, ഒരു വശത്ത് സൈനിക നീക്കങ്ങൾക്ക് വീര്യം കൂട്ടുമ്പോഴും മറുവശത്ത് നയതന്ത്രതലത്തിൽ സമാധാന ശ്രമങ്ങളും ഊർജിതമായി നടക്കുന്നുണ്ട്. ദോഹയിൽ നടക്കുന്ന ചർച്ചകളിൽ ചൈന മധ്യസ്ഥത വഹിക്കുമെന്നാണ് റിപ്പോർട്ടുകൾ.ആവശ്യമെങ്കിൽ യുറേനിയം ശേഖരത്തിന്റെ ഗ്രേഡ് താഴ്ത്താനോ കൈമാറാനോ ഇറാൻ തയ്യാറായേക്കുമെന്നാണ് സൂചന. സൗദി അറേബ്യ അടക്കമുള്ള മക്കാ കരാർ സഖ്യം ടെഹ്റാനിൽ നടത്തിയ ചർച്ചകളാണ് സമാധാന നീക്കങ്ങൾക്ക് വഴിയൊരുക്കിയത്. എങ്കിലും ഹൂത്തികളും സൗദിയും തമ്മിലുള്ള സംഘർഷത്തിന് അയവുവന്നിട്ടില്ല. റിയാദിന് നേരെ വീണ്ടും ആക്രമണ ശ്രമങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ട്.