1, November, 2026
Updated on 1, November, 2026 7
പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് ഇസ്രയേലിൽ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരം കാണാൻ പുതിയ നീക്കവുമായി പ്രതിപക്ഷസഖ്യം. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അധികാരത്തിൽനിന്ന് മാറ്റുകയെന്ന ലക്ഷ്യത്തോടെ ജനങ്ങൾ നേരിട്ട് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്ന രീതി തിരിച്ചുകൊണ്ടുവരാനുള്ള നിയമനിർമാണമാണ് പ്രതിപക്ഷം പരിഗണിക്കുന്നത്. പാർലമെന്റിൽ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലും വിജയിക്കുന്ന സ്ഥാനാർഥിക്ക് ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നാണ് പദ്ധതിയെ പിന്തുണയ്ക്കുന്നവരുടെ കണക്കുകൂട്ടൽ.
നിർദിഷ്ട നിയമപ്രകാരം പാർലമെന്റ് തിരഞ്ഞെടുപ്പിൽനിന്ന് വ്യത്യസ്തമായി ജനങ്ങൾക്ക് നേരിട്ട് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാം. സമാനമായ നിർദേശം 2021-ലെ തിരഞ്ഞെടുപ്പിനുശേഷം നെതന്യാഹുവും മുന്നോട്ടുവെച്ചിരുന്നു. എന്നാൽ, ഇസ്രയേലിന്റെ അടിസ്ഥാന നിയമമായ ‘ബേസിക് ലോ: ദി ഗവൺമെന്റ്’ പ്രകാരം പുതിയ സർക്കാർ അധികാരമേൽക്കുന്നതിന് മുൻപ് നെസറ്റിൽ കുറഞ്ഞത് 61 അംഗങ്ങളുടെ പിന്തുണയോടെ വിശ്വാസവോട്ട് നേടണം. അതിനാൽ നേരിട്ടുള്ള തിരഞ്ഞെടുപ്പ് രീതി നടപ്പാക്കാൻ നിയമഭേദഗതി ആവശ്യമാണ്. അതിനും 61 എംപിമാരുടെ പിന്തുണ വേണം.120 അംഗ നെസറ്റിൽ നെതന്യാഹു പക്ഷത്തിന് 53 സീറ്റും ഗാദി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷസഖ്യത്തിന് 48 സീറ്റുമാണ് ലഭിച്ചത്. അറബ് നേതൃത്വത്തിലുള്ള രണ്ട് പാർട്ടികൾക്ക് കൂടി 19 സീറ്റുകളുണ്ട്. ഇതോടെ നെതന്യാഹു വിരുദ്ധ വിഭാഗങ്ങളുടെ ആകെ അംഗബലം 67 ആയി ഉയരുന്നു. എന്നാൽ അറബ് പാർട്ടികളുടെ പിന്തുണ സ്വീകരിക്കുന്നതിൽ പ്രതിപക്ഷത്തെ ചില ജൂതപാർട്ടികൾക്ക് വിയോജിപ്പുള്ളത് സർക്കാർ രൂപീകരണത്തിന് തടസ്സമാകുന്നുണ്ട്.
അതിനിടെ, ജൂത-അറബ് സംയുക്ത സർക്കാർ രൂപീകരിക്കണമെന്നും ഭരണത്തിൽ അറബ് പാർട്ടികൾക്ക് പങ്കാളിത്തം നൽകണമെന്നും ആവശ്യപ്പെട്ട് ശനിയാഴ്ച വൈകീട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം നടന്നു. മുൻ സൈനിക ഉദ്യോഗസ്ഥൻ യെയർ ഗോലന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ പാർട്ടിയായ ഡെമക്രാറ്റ്സ് എട്ട് സീറ്റുകൾ നേടി. അറബ് നേതൃത്വത്തിലുള്ള റാം, ജോയിന്റ് ലിസ്റ്റ് എന്നീ പാർട്ടികളുടെ പിന്തുണ സ്വീകരിച്ച് സർക്കാർ രൂപീകരിക്കണമെന്നാണ് ഗോലന്റെ നിലപാട്. അതേസമയം, റാമിന്റെ പ്രതിനിധിയായി മുൻ ജൂത പോലീസ് ഉദ്യോഗസ്ഥൻ യോവ് സെഗലോവിറ്റ്സും നെസറ്റിലെത്തും. ജൂത-അറബ് സഹകരണം പ്രോത്സാഹിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.