ഇടക്കാല തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടി; ട്രംപ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാജിവെച്ചു


7, November, 2026
Updated on 7, November, 2026 11


വാഷിംഗ്ടണ്‍: അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുണ്ടായ കനത്ത തിരിച്ചടിക്ക് പിന്നാലെ നീതിന്യായ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാജിവെച്ചു. സിവില്‍ റൈറ്റ്‌സ് വിഭാഗം മേധാവി ഉള്‍പ്പെടെ നിരവധി ഉന്നത ഉദ്യോഗസ്ഥരാണ് പദവികളൊഴിയുന്നത്. ട്രംപിനെതിരെ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തില്‍ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്തിയ പ്രോസിക്യൂട്ടറും രാജിവെച്ചവരില്‍ ഉള്‍പ്പെടുന്നു.


ട്രംപിന്റെ മുന്‍ വ്യക്തിഗത അഭിഭാഷകന്‍ കൂടിയായ യുഎസ് അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ചാണ് അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ് ഹര്‍മീത് ധില്ലന്റെ രാജി വ്യാഴാഴ്ച സ്ഥിരീകരിച്ചത്. ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏകദേശം 30 സംസ്ഥാനങ്ങളില്‍ നിന്ന് വോട്ടര്‍ രജിസ്‌ട്രേഷന്‍ പട്ടികകള്‍ ലഭ്യമാക്കാനുള്ള നീക്കങ്ങളില്‍ ധില്ലന്‍ നേരിട്ട് പങ്കാളിയായിരുന്നു. എന്നാല്‍ ഈ നീക്കങ്ങള്‍ വിജയിച്ചിരുന്നില്ല. തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി കനത്ത പരാജയം ഏറ്റുവാങ്ങുകയും ചെയ്തു.


ഒക്ടോബറില്‍ തന്നെ രാജിക്കത്ത് സമര്‍പ്പിച്ചിരുന്നതായും തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ പദവിയില്‍ തുടരാന്‍ സമ്മതിച്ചതായും ധില്ലന്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു. യുഎസ് മാധ്യമങ്ങളാണ് രാജിക്കത്തിലെ വിവരങ്ങള്‍ പുറത്തുവിട്ടത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയിലാണ് ധില്ലന്റെ രാജി ശ്രദ്ധേയമാകുന്നത്.


ദേശീയ സുരക്ഷാ വിഭാഗം അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ജോണ്‍ ഐസന്‍ബര്‍ഗ്, ഫ്‌ളോറിഡയിലെ സതേണ്‍ ഡിസ്ട്രിക്റ്റ് യുഎസ് അറ്റോര്‍ണി ജേസണ്‍ റെഡിംഗ് ക്വിനോണ്‍സ് എന്നിവരുടെ രാജിയും ബ്ലാഞ്ച് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ട്രംപിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചുവെന്ന അദ്ദേഹത്തിന്റെ ആരോപണത്തിന് വിധേയരായ മുന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണത്തിന് നേതൃത്വം നല്‍കിയത് ക്വിനോണ്‍സായിരുന്നു.ട്രംപ് ഭരണകൂടത്തിന് കീഴില്‍ നീതിന്യായ വകുപ്പ് രാഷ്ട്രീയ എതിരാളികളെന്ന് കരുതപ്പെടുന്ന നിരവധി പേര്‍ക്കെതിരെ കേസുകള്‍ പിന്തുടര്‍ന്നിട്ടുണ്ട്. കുറ്റം ചുമത്താന്‍ വിമുഖത കാണിച്ചതിന്റെയോ അതിന് കഴിയാതിരുന്നതിന്റെയോ പേരില്‍ നിരവധി പ്രോസിക്യൂട്ടര്‍മാര്‍ക്ക് ജോലി നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമിക്കെതിരെ ട്രംപിന്റെ ജീവനു ഭീഷണിയുണ്ടാക്കിയെന്നാരോപിച്ച് ഏപ്രിലില്‍ കേസെടുത്തതും ഇതില്‍ ശ്രദ്ധേയമാണ്. ഇന്‍സ്റ്റഗ്രാമില്‍ കടല്‍ത്തീരത്തെ ചിപ്പികളുടെ ചിത്രം പങ്കുവെച്ചതുമായി ബന്ധപ്പെട്ടായിരുന്നു ആരോപണം.






Feedback and suggestions