രണ്ട് മില്യണ്‍ ഡോളര്‍ കൈക്കൂലി വാങ്ങി മയക്കുമരുന്ന് കേസ് പ്രതിയെ വിട്ടയച്ചെന്ന് ആരോപണം; മെക്‌സിക്കന്‍ ജഡ്ജി കൊളംബിയയില്‍ അറസ്റ്റില്‍


7, November, 2026
Updated on 7, November, 2026 9


വാഷിംഗടണ്‍: അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയെ വിട്ടയക്കാന്‍ രണ്ട് മില്യണ്‍ ഡോളര്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ മെക്‌സിക്കന്‍ ജഡ്ജി അറസ്റ്റില്‍. ലൂയിസ് ബെനിറ്റസ് അല്‍കാന്തറ (49) ആണ് കൊളംബിയയില്‍ അറസ്റ്റിലായത്. സംഭവത്തില്‍ അമേരിക്കന്‍ അന്വേഷണ ഏജന്‍സികള്‍ ഒന്‍പത് കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. കേസിലെ പ്രതിയെ സഹായിച്ചതിനും കുറ്റകൃത്യത്തിന് ശേഷമുള്ള സഹായം നല്‍കിയതിനുമുള്ള ആരോപണങ്ങളാണ് പ്രധാനമായും ഇയാള്‍ നേരിടുന്നത്.മുന്‍ കനേഡിയന്‍ ഒളിമ്പിക് സ്‌നോബോര്‍ഡര്‍ റയാന്‍ വെഡ്ഡിംഗിന്റെ നേതൃത്വത്തിലുള്ളതനെന്നു ആരോപണം ഉയര്‍ന്ന വന്‍ മയക്കുമരുന്ന് കടത്ത് ശൃംഖലയുമായി ബന്ധപ്പെട്ട കേസിലാണ് ജഡ്ജിക്കെതിരായ നടപടി. 2024ല്‍ കനേഡിയന്‍ പൗരനായ ആന്‍ഡ്രൂ ക്ലാര്‍ക്കിന്റെ നാടുകടത്തല്‍ നടപടികള്‍ മെക്‌സിക്കോയില്‍ പരിഗണിച്ചിരുന്നത് ബെനിറ്റസായിരുന്നു. അമേരിക്കയില്‍ മയക്കുമരുന്ന് കടത്ത് ശൃംഖലയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട ക്ലാര്‍ക്കിനെ 2025ല്‍ രണ്ട് മില്യണ്‍ ഡോളര്‍ കൈക്കൂലി വാങ്ങി ഇയാള്‍ വിട്ടയച്ചെന്നാണ് യുഎസ് അധികൃതരുടെ ആരോപണം. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ക്ലാര്‍ക്ക് വീണ്ടും അറസ്റ്റിലായി അമേരിക്കയിലെത്തിക്കപ്പെട്ടു. മയക്കുമരുന്ന് കടത്ത്, കൊലപാതകം തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ഇയാള്‍ നേരിടുന്നത്.വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി കൊളംബിയയിലെത്തിയപ്പോഴാണ് ബെനിറ്റസ് പിടിയിലായതെന്ന് ലോസ് ആഞ്ചലസ് യുഎസ് അറ്റോര്‍ണി ഓഫീസിന്റെ വക്താവ് സിയറന്‍ മക്ഇവോയ് അറിയിച്ചു. ഇയാളെ അമേരിക്കയ്ക്ക് കൈമാറുന്നതിനായി കൊളംബിയയോട് ആവശ്യപ്പെടുമെന്നും യുഎസ് അധികൃതര്‍ വ്യക്തമാക്കി. ബെനിറ്റസിന് അഭിഭാഷകനുണ്ടോയെന്ന കാര്യം വ്യക്തമല്ല. മയക്കുമരുന്ന് കടത്തുകാര്‍ക്ക് സഹായം നല്‍കുന്ന പൊതുഉദ്യോഗസ്ഥര്‍ ലോകത്തിന്റെ ഏത് ഭാഗത്തായാലും അമേരിക്കയില്‍ നിയമ നടപടി നേരിടേണ്ടിവരുമെന്ന് യുഎസ് അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ച് പ്രസ്താവനയില്‍ പറഞ്ഞു.റയാന്‍ വെഡിംഗ് നേതൃത്വം നല്‍കിയിരുന്നതായി ആരോപിക്കപ്പെടുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പുതിയ അറസ്റ്റ്. ലാറ്റിനമേരിക്കയില്‍നിന്ന് അമേരിക്കയിലേക്ക് വന്‍തോതില്‍ കൊക്കെയ്ന്‍ കടത്തുകയും നിരവധി കൊലപാതകങ്ങള്‍ക്ക് ഉത്തരവിടുകയും ചെയ്‌തെന്ന ആരോപണത്തില്‍ എഫ്ബിഐയുടെ പ്രധാന പിടികിട്ടാപ്പുള്ളികളില്‍ ഒരാളായിരുന്നു വെഡ്ഡിംഗ്. ഈ വര്‍ഷം മെക്‌സിക്കോയില്‍ അറസ്റ്റിലായ ഇയാളെ കാലിഫോര്‍ണിയയിലെത്തിച്ചിരുന്നു. കൊലപാതക, മയക്കുമരുന്ന് കേസുകളില്‍ കുറ്റം നിഷേധിച്ചിരിക്കുകയാണ് വെഡ്ഡിംഗ്. മെക്‌സിക്കോയില്‍നിന്ന് ലോസ് ആഞ്ചലസിലേക്ക് കൊക്കെയ്ന്‍ എത്തിച്ച് പിന്നീട് കൂറ്റന്‍ ചരക്കുലോറികളിലൂടെ കാനഡയിലേക്ക് കടത്തുകയായിരുന്നു സംഘത്തിന്റെ രീതിയെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. കേസുമായി ബന്ധപ്പെട്ട് നിരവധി പേര്‍ അറസ്റ്റിലായിട്ടുണ്ട്. വന്‍തോതില്‍ മയക്കുമരുന്ന്, ആയുധങ്ങള്‍, പണം, കോടിക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന കാറുകള്‍, മോട്ടോര്‍സൈക്കിളുകള്‍, കലാസൃഷ്ടികള്‍, ആഭരണങ്ങള്‍ എന്നിവയും അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്തിട്ടുണ്ട്.




































Feedback and suggestions