ഇസ്രയേലും പശ്ചിമേഷ്യയും ഉണ്ടാകുമായിരുന്നില്ല! അവകാശവാദവുമായി ട്രംപ്; ഇറാനെതിരായ നീക്കത്തിൽ വീണ്ടും സൂചന


7, November, 2026
Updated on 7, November, 2026 12


വാഷിങ്ടൺ: ഇറാന്റെ ആണവപദ്ധതിയെ തടയാൻ താൻ നടത്തിയ ഇടപെടലാണ് ഇസ്രയേലിന്റെയും പശ്ചിമേഷ്യയുടെയും നിലനിൽപ്പിന് കാരണമെന്ന് അവകാശപ്പെട്ട് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാനെ ആണവായുധം സ്വന്തമാക്കുന്നതിൽനിന്ന് തടഞ്ഞിരുന്നില്ലെങ്കിൽ ഇസ്രയേലും പശ്ചിമേഷ്യൻ രാജ്യങ്ങളും ഇന്ന് നിലനിൽക്കില്ലായിരുന്നുവെന്നാണ് ട്രംപിന്റെ പ്രതികരണം. ഇടക്കാല തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ട്രംപ് ഈ പരാമർശം നടത്തിയത്. ഇറാനെതിരായ ആക്രമണങ്ങൾ അമേരിക്ക വീണ്ടും ആരംഭിക്കുമോയെന്ന ചർച്ചകൾക്കിടയിലും അദ്ദേഹത്തിന്റെ പ്രസ്താവന ശ്രദ്ധ നേടുകയാണ്.ആണവായുധം സ്വന്തമാക്കുന്നതിൽനിന്ന് ഞാൻ ഇറാനെ തടഞ്ഞില്ലായിരുന്നെങ്കിൽ ഇസ്രയേലും മുഴുവൻ പശ്ചിമേഷ്യയും ഇന്ന് നിലനിൽക്കില്ലായിരുന്നു. ആരും അത് തുറന്നുപറയാൻ ആഗ്രഹിക്കുന്നില്ലെങ്കിലും എല്ലാവർക്കും ആ സത്യം അറിയാം’ എന്നാണ് ട്രംപ് തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചത്. ഇറാന്റെ ആണവപദ്ധതിയെക്കുറിച്ചും അതിനെതിരായ അമേരിക്കയുടെ നടപടികളെക്കുറിച്ചും തന്റെ നിലപാട് ആവർത്തിക്കുന്നതായിരുന്നു ഈ കുറിപ്പ്.അതേസമയം, ഇറാനെതിരായ ആക്രമണം പുനരാരംഭിക്കുന്ന കാര്യത്തിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ട്രംപ് വ്യത്യസ്ത പ്രതികരണങ്ങളാണ് നടത്തിയത്. ഇടക്കാല തിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം ഇറാനെ ആക്രമിക്കാൻ പദ്ധതിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാൽ, ആക്രമണം ഉടൻ ആരംഭിക്കാൻ പദ്ധതിയില്ലെങ്കിലും അമേരിക്കൻ സൈന്യം അതിന് തയ്യാറാണെന്ന് പിന്നീട് വ്യക്തമാക്കി.വ്യാഴാഴ്ച ഇതുസംബന്ധിച്ച് മാധ്യമപ്രവർത്തകർ വീണ്ടും ചോദ്യം ഉന്നയിച്ചപ്പോൾ ‘അതേക്കുറിച്ച് നിങ്ങൾ ഉടൻ അറിയും’ എന്നായിരുന്നു ട്രംപിന്റെ മറുപടി. ഇതോടെ ഇറാനെതിരായ അമേരിക്കയുടെ അടുത്ത നീക്കം എന്തായിരിക്കുമെന്ന കാര്യത്തിൽ വീണ്ടും ആകാംക്ഷ ഉയർന്നിരിക്കുകയാണ്.




‘






Feedback and suggestions