14, April, 2026
Updated on 14, April, 2026 39
വനിതാ സംവരണ ബില്ലിന്മേലുള്ള രാഷ്ട്രീയ തർക്കം നിലനിൽക്കെ, ബിൽ പാസാക്കാൻ രാജ്യത്തെ സ്ത്രീകളുടെ നേരിട്ടുള്ള പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ പാർലമെന്റ് അംഗങ്ങൾക്കും കത്തെഴുതി സമ്മർദ്ദം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി സ്ത്രീകൾക്ക് കത്തെഴുതി. വനിതാ സംവരണം ഇനിയും വൈകിക്കുന്നത് അനീതിയാണെന്നും വികസിത ഇന്ത്യയിലേക്കുള്ള യാത്രയിൽ സ്ത്രീകളുടെ തുല്യ പങ്കാളിത്തം അനിവാര്യമാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. മറ്റന്നാൾ ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ ബിൽ പാസാക്കാനുള്ള നീക്കങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ ഈ ഇടപെടൽ. 2029 മുതൽ ലോക്സഭയിലും നിയമസഭകളിലും സംവരണം നടപ്പിലാക്കാൻ സാധിച്ചില്ലെങ്കിൽ അത് ദൗർഭാഗ്യകരമാകുമെന്ന് മോദി കുറിച്ചു. ഡൽഹിയിൽ നടന്ന ‘നാരി ശക്തി വന്ദൻ’ സമ്മേളനത്തിലും അദ്ദേഹം ഇതേ ആവശ്യം ഉന്നയിച്ചിരുന്നു.
ബിൽ പാസാക്കുന്നതിനായി രാജ്യത്തെ മുഴുവൻ സ്ത്രീകളുടെയും അനുഗ്രഹം തേടുന്നതായും പ്രധാനമന്ത്രി അറിയിച്ചു. ഓരോ മണ്ഡലത്തിലെയും സ്ത്രീകൾ തങ്ങളുടെ ജനപ്രതിനിധികൾക്ക് കത്തെഴുതുന്നതിലൂടെ ബില്ലിന് അനുകൂലമായ പൊതുവികാരം സൃഷ്ടിക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. സ്ത്രീശക്തിയുടെ സമ്മർദ്ദത്തിലൂടെ വർഷങ്ങളായി നീളുന്ന ഈ നിയമനിർമ്മാണത്തിന് പരിസമാപ്തി കുറിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം.