15, June, 2026
Updated on 15, June, 2026 3
ഇറാൻ-അമേരിക്ക സമാധാന കരാറിനെ ശക്തമായി തള്ളിപ്പറഞ്ഞ് ഇസ്രയേൽ മന്ത്രിമാർ രംഗത്ത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മധ്യസ്ഥതയിൽ രൂപപ്പെടുന്ന സമാധാന കരാറിൽ ഇസ്രയേൽ പങ്കാളിയല്ലെന്നും തങ്ങൾ അമേരിക്കയുടെ കീഴിലല്ല ഉള്ളതെന്നും ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ ഗ്വിർ തുറന്നടിച്ചു. തെക്കൻ ലെബനനിൽ നിന്ന് ഇസ്രയേൽ സൈന്യം ഒരു കാരണവശാലും പിന്മാറില്ലെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സും വ്യക്തമാക്കി. അമേരിക്കൻ കരാറിന്റെ ഭാഗമായി ലെബനനിലെ സൈനിക നടപടികൾ അവസാനിപ്പിക്കേണ്ടി വരുമെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ബെഞ്ചമിൻ നെതന്യാഹു മന്ത്രിസഭയിലെ പ്രമുഖർ കടുത്ത വിയോജിപ്പുമായി പരസ്യമായി രംഗത്തെത്തിയത്. എന്നാൽ ഈ വിഷയത്തിൽ പ്രധാനമന്ത്രി നെതന്യാഹു ഇതുവരെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല.
അന്താരാഷ്ട്ര സമ്മർദ്ദങ്ങൾക്ക് വഴങ്ങിയ ഓരോ തവണയും രാജ്യം വലിയ വില നൽകേണ്ടി വന്നിട്ടുണ്ടെന്ന് ദേശീയ സുരക്ഷാ മന്ത്രി ഓർമ്മിപ്പിച്ചു. തങ്ങൾക്ക് അമേരിക്കയോട് ബഹുമാനമുണ്ടെങ്കിലും യഹൂദ ജനതയ്ക്ക് സുരക്ഷ നൽകുന്നതിനാണ് പ്രഥമ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. ഹിസ്ബുള്ളയെ പൂർണ്ണമായി നിരായുധരാക്കുന്നതിൽ കുറഞ്ഞ യാതൊരു വിട്ടുവീഴ്ചയ്ക്കും രാജ്യം തയ്യാറല്ല. സൈന്യം രക്തം ചിന്തി പിടിച്ചെടുത്തതും, ഭീകരവാദ അടിസ്ഥാന സൗകര്യങ്ങൾ തകർത്തതുമായ ലെബനൻ മണ്ണിൽ നിന്നും ഇസ്രയേൽ പിന്മാറില്ല. ശത്രുക്കൾക്ക് മുന്നിൽ തലകുനിക്കുന്ന പഴയ യഹൂദരുടെ കാലം കഴിഞ്ഞെന്നും, തങ്ങളുടെ സുരക്ഷ ഉറപ്പാക്കാത്ത ഒരു കരാറും ഇസ്രയേലിനെ ബാധ്യസ്ഥമാക്കില്ലെന്നും ബെൻ ഗ്വിർ വ്യക്തമാക്കി.
രാജ്യത്തിന്റെ സുരക്ഷ മുൻനിർത്തി ലെബനൻ, സിറിയ, ഗാസ എന്നിവിടങ്ങളിൽ ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് അനിശ്ചിതകാലം തുടരുമെന്നാണ് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് വ്യക്തമാക്കിയത്. അതിർത്തിയിലെ ഇസ്രയേൽ ജനതയുടെ സുരക്ഷയ്ക്കായി ഭൂമിക്ക് മുകളിലും താഴെയുമുള്ള എല്ലാ ഭീകരവാദ താവളങ്ങളും അവരെ സഹായിക്കുന്ന ഗ്രാമങ്ങളും നശിപ്പിക്കും. ഇസ്രയേലിന്റെ ഈ കർശന നിലപാടുകൾ പ്രധാനമന്ത്രി നെതന്യാഹു അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ നേരിട്ട് അറിയിച്ചിട്ടുണ്ട്. ലെബനനിലെ സൈനിക നീക്കങ്ങളുടെ പേരിൽ ഇറാൻ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിർന്നാൽ, അതിശക്തമായ തിരിച്ചടി നൽകുമെന്ന കടുത്ത മുന്നറിയിപ്പും പ്രതിരോധ മന്ത്രി നൽകി.