നെഹ്‌റു ഉണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു: വി.ഡി സതീശൻ


5, July, 2026
Updated on 5, July, 2026 4



ബാബറി മസ്ജിദ് തകർക്കാൻ വേണ്ടി നടത്തിയിട്ടുള്ളത് ഒരു ഗൂഢാലോചനയാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. അന്നത്തെ കേന്ദ്രസർക്കാരിന് അതിനെക്കുറിച്ച് ധാരണയുണ്ടായിരുന്നുവെന്ന് താൻ ഇപ്പോഴും കരുതുന്നില്ലെന്നും അതുകൊണ്ട് തന്നെ ആ സർക്കാരിനെ കുറ്റപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം ഒരു മലയാള മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. അന്ന് ജവഹർലാൽ നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടുന്ന സാഹചര്യത്തിലേക്ക് പോകില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.വിഭജനത്തെ നേരിടുകയും അതിന്റെ രക്തരൂഷിതമായ സാഹചര്യത്തെ വിജയകരമായി മറികടക്കുകയും ചെയ്ത മനുഷ്യനാണ് നെഹ്‌റു. അതിനേക്കാൾ വലിയ പ്രതിസന്ധികളെ നേരിട്ട അദ്ദേഹത്തിന് ഇന്ത്യയിൽ ദീർഘകാലം മതസൗഹാർദം നിലനിർത്താൻ കഴിഞ്ഞിരുന്നു. പൊതുജനങ്ങളുമായി മികച്ച ആശയവിനിമയം നെഹ്‌റുവിനുണ്ടായിരുന്നു. ‘പേടിക്കേണ്ട, ഇത് നമ്മുടെ ഇന്ത്യയാണ്, ആർക്കും തീറെഴുതിക്കൊടുക്കുന്ന ഒരു ഇന്ത്യയല്ല ഇത്, നമ്മുടെ എല്ലാവരുടെയും ഇന്ത്യയാണിത്...’ അത്തരമൊരു വികാരം എല്ലാ വിഭാഗം ജനങ്ങളിലും ഉണ്ടാക്കാനും അവർക്ക് വലിയ ആത്മവിശ്വാസവും ധൈര്യവും നൽകാനും നെഹ്‌റുവിന് കഴിയുമായിരുന്നുവെന്ന് വി.ഡി. സതീശൻ കൂട്ടിച്ചേർത്തു.പള്ളി തകർക്കാനാണ് അവർ വരുന്നതെന്ന കാര്യം അന്നത്തെ കേന്ദ്രസർക്കാരിന് അറിയുമായിരുന്നില്ലെന്ന് സതീശൻ ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ ആ ഗവൺമെന്റിനെ കുറ്റപ്പെടുത്താൻ കഴിയില്ല. കൂടാതെ, ഈ വിഷയത്തിൽ അന്ന് സുപ്രീംകോടതിയുടെ ഇടപെടലുമുണ്ടായിരുന്നു. ഉത്തർപ്രദേശ് സംസ്ഥാനം ഭരിക്കുന്നത് അന്ന് ബി.ജെ.പി.യാണ്. ക്രമസമാധാനം എന്നത് സംസ്ഥാനത്തിന്റെ പരിധിയിൽ വരുന്ന വിഷയമാണെന്ന് സുപ്രീംകോടതിയുടെ വിധിയിലും പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ, സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ അന്ന് കേന്ദ്ര ഗവൺമെന്റിന് ഒരിടപെടൽ നടത്താനുള്ള സാധ്യത ഇല്ലാതായ സാഹചര്യവും നിലനിന്നിരുന്നുവെന്ന് വി.ഡി. സതീശൻ അഭിമുഖത്തിൽ വ്യക്തമാക്കി.










Feedback and suggestions