ഫിൽക്ക ഫിലിം സൊസൈറ്റിയുടെയും അമേരിക്കയിലെ നേർകാഴ്ച വീക്കിലിയുടെയും ആഭിമുഖ്യത്തിൽ വിശ്വപ്രസിദ്ധ വനിതാ സംവിധായിക മാർത്ത മെസാറോസിന്റെ ഡയറി ഫോർ മൈ ചിൽഡ്രൻസ് , നോർത്തേൺ ലൈറ്റ്സ് , ഡയറി ഫോർ മൈ ലവ്സ് എന്നീ ചിത്രങ്ങൾ തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ എസ് എസ് റാം ഹാളിൽ സെപ്റ്റംബർ 18 വെള്ളിയാഴ്ച പ്രദർശിപ്പിക്കുന്നു . വനിതാ സംഗമത്തിൽ കലാ - സാഹിത്യ - സാംസ്കാരിക രംഗങ്ങളിലെ പ്രമുഖ വനിതകൾ പങ്കെടുക്കുന്നു . ഉദ്ഘാടനം ബഹു. വനിതാ ശിശു വികസന വകുപ്പ് മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ .തലസ്ഥാന നഗരിയിലെ 26 വർഷം പിന്നിടുന്ന ഫിൽക്ക ഫിലിം സൊസൈറ്റിയുടെയും 10 വർഷം പിന്നിടുന്ന അമേരിക്കയിലെ നേർകാഴ്ച വീക്കിലിയുടെയും ആഭിമുഖ്യത്തിൽ വനിതാ ശിശു വികസന വകുപ്പ് , പ്രസ് ക്ലബ്ബ് , ബീം ഫിലിം സൊസൈറ്റി , കേരളപീഡിയ ന്യൂസ് ചാനൽ എന്നിവയുടെ സഹകരണത്തോടെ സെപ്റ്റംബർ 18 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന വനിതാ സംഗമം ബഹു. മന്ത്രി അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുംനോവലിസ്റ്റ് ഗിരിജ സേതുനാഥ് അധ്യക്ഷത വഹിക്കുന്നു . പ്രൊഫ. ഡോ. മേരി ജോർജ് വനിതകളും സാമ്പത്തിക കേരളവും എന്ന വിഷയത്തിലും ഫിൽക്ക വൈസ് പ്രസിഡന്റ് - കവയിത്രി രാജാംബിക വിശ്വ സാഹിത്യത്തിലെ വനിതകൾ എന്ന വിഷയത്തിലും പ്രഭാഷണം നടത്തും . വനിതകൾ പ്രമേയമാക്കിയുള്ള കവിയരങ്ങിൽ സുഭാഷിണി തങ്കച്ചി , സുലേഖ കുറുപ്പ് , അനിത ശരത് , എം. ടി . ഗിരിജ കുമാരി , സജി അജീഷ് , ദിവ്യ. സി. ആർ എന്നിവർ കവിതകൾ അവതരിപ്പിക്കും . തൊഴിൽ മേഖലകളിലെ വനിതകളുടെ അവസ്ഥകളെക്കുറിച്ച് എസ് . മിനി ( ആശാ വർക്കർ ) , ഡോ. സംഗീത സുരേഷ് ( പാലിയം ഇന്ത്യ ) , മേഴ്സി അലക്സാണ്ടർ ( മത്സ്യമേഖല ), സിന്ധു സുരേഷ് ( പുസ്തക പ്രസാധനം ) , വർഷ. ബി ( മാധ്യമം ) എന്നിവർ അനുഭവങ്ങൾ പങ്ക് വെയ്ക്കും . ' കടലിൽ പണിയെടുക്കുന്ന വനിത ' എന്ന വിഷയം ആസ്പദമാക്കിയുള്ള ചിത്രരചന മത്സര വിജയികൾക്ക് സമ്മാനം നൽകും . .11:30 ന് വിശ്വപ്രസിദ്ധ ഹംഗേറിയൻ സംവിധായിക മാർത്ത മെസാറോസിന്‍റെ 96 - )ഠ ജന്മദിനം പ്രമാണിച്ച് ' ഡയറി ഫോർ മൈ ചിൽഡ്രൻ ' എന്ന ചലച്ചിത്രം പ്രദർശിപ്പിക്കുന്നു .ആത്മകഥന സ്പർശമുള്ള പ്രമേയങ്ങളാണ് മാർത്ത മെസാറോസിൻ്റെ സിനിമകൾ. സാമൂഹിക രാഷ്ട്രീയ സാഹചര്യത്തിൽ സ്ത്രീയുടെ അവസ്ഥ അനാവരണം ചെയ്യുന്നു. മാതാപിതാക്കളെ നഷ്ടപ്പെട്ട ജൂലി റഷ്യയിൽ അനാഥശാലയിലാണ് പഠിച്ചുവളർന്നത്. അവൾ പതിനാറാമത്തെ വയസ്സിൽ മുത്തച്ഛനോടും മുത്തശ്ശിയോടും ഒപ്പം ഹംഗറിയിൽ തിരിച്ചെത്തുന്നു. ബന്ധുവും സൈനിക ഉദ്യോഗസ്ഥയുമായ മാഗ്ദയാണ് ജൂലിയുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നത്. റഷ്യൻ അധിനിവേശ ഹംഗറിയിൽ മാഗ്ദയുടെ രാഷ്ട്രീയ നിലപാടുകളും നിർബന്ധങ്ങളും ജൂലിയ്ക്ക് അസഹ്യമായി മാറുന്നു. കുട്ടിക്കാലത്ത് തന്റെ പിതാവിനെ സൈന്യം അറസ്റ്റുചെയ്തു കൊണ്ടുപോയത് ജൂലിക്ക് ഓർമ്മയുണ്ട്. വീണ്ടും പിതാവിനെ കണ്ടുമുട്ടുമെന്ന് അവൾ പ്രതീക്ഷിക്കുന്നു. മാതാവ് രണ്ടാം പ്രസവത്തിൽ ശുശ്രൂഷ കിട്ടാതെ മരണപ്പെട്ടതും അവൾക്ക് ഓർമ്മയുണ്ട് . പിതാവിൻ്റെ ഉറ്റ സുഹൃത്ത് ജാനോസ് യുദ്ധത്തിൽ പരുക്കേറ്റ മകനുമൊത്ത് ഫ്രാൻസിൽ നിന്നും തിരികെയെത്തുന്നു. ജാനോസിൽ നിന്നും തൻ്റെ പിതാവിൻ്റെ സാന്നിധ്യമാണ് ജൂലിക്ക് അനുഭവപ്പെടുന്നത്. അധികാരിയായ മാഗ്ദയുമായുള്ള വൈരുദ്ധ്യം മൂർച്ഛിക്കുന്നു. ജാനോസും അറസ്റ്റ് ചെയ്യപ്പെടുന്നു. അതോടെ ജൂലി ജാനോസിൻ്റെ വീട്ടിലേക്ക് താമസം മാറ്റുന്നു. 1953 ൽ റഷ്യയിൽ ജോസഫ് സ്റ്റാലിൻ മരിക്കുന്നതോടെ ഹംഗറിയിൽ ജനകീയ രാഷ്ട്രീയ ചലനങ്ങൾ ഉണ്ടാകുന്നു. ജയിലിൽ ജാനോസിനെ ജൂലിയും ആന്ദ്രാസും സന്ദർശിക്കുന്നു. പ്രതീക്ഷകളും നിരാശകളും അനാഥത്വവും ആശങ്കകളും ജൂലിയുടെ മനസ്സിൽ നിറയുന്നതോടെ സിനിമ അവസാനിക്കുന്നു. ഉച്ചയ്ക്ക് രണ്ടു മണിക്ക് ' ' നോർത്തേൺ ലൈറ്റ്സ് ' എന്ന ചിത്രവും വൈകുന്നേരം നാലു മണിക്ക് ' ഡയറി ഫോർ മൈ ലവ്സ് 'എന്ന ചിത്രവും പ്രദർശിപ്പിക്കുന്നു .യുദ്ധത്തിൻ്റെ ആഘാതങ്ങളും സ്ത്രീയുടെ മാനസിക അവസ്ഥകളുമാണ് നോർത്തേൺ ലൈറ്റ്സ് എന്ന സിനിമയിൽ മാർത്ത മെസാറോസ് ആവിഷ്കരിക്കുന്നത്. വൃദ്ധയായ മരിയയ്ക്ക് ഒരു യുവതിയുടെ ഫോട്ടോ കിട്ടുന്നു. അവർ അസ്വസ്ഥയാവുകയും തുടർന്ന് ഹോസ്പിറ്റലിലാവുകയും ചെയ്യുന്നു. കോമയിലായ മരിയയെ കാണാൻവിയന്നയിൽ നിന്നും മകൾ ഓൾഗയും ചെറുമകൻ റോബർട്ടും എത്തുന്നു.അമ്മ പെട്ടെന്ന് കോമയിലായതിൻ്റെ കാരണം കണ്ടെത്താൻ ഓൾഗ ശ്രമിക്കുന്നു. അമ്മയുടെ സ്വകാര്യവസ്തുക്കൾ പരിശോധിക്കുന്നു. തന്റെ ജീവിതത്തെക്കുറിച്ചുള്ള രഹസ്യം അവൾ തേടുന്നു. രോഗവിമുക്തയാകുന്ന മരിയ മകളോട് മനസ്സ് തുറക്കുന്നു. മരിയയുടെ കാമുകനായിരുന്ന അക്കോസാണ് ഓൾഗയുടെ യഥാർത്ഥ അച്ഛൻ. പണ്ട് , 1950 കളിലെ റഷ്യൻ അധിനിവേശ ഹംഗറിയിൽ നിന്ന് കമിതാക്കളായ മരിയയും അക്കോസും ഹംഗറിയിൽ നിന്നും ഓസ്ട്രേലിയയിലേക്ക് അതിർത്തികടന്ന് രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ റഷ്യൻ സൈന്യത്തിൻ്റെ വെടിയേറ്റ് അക്കോസ് കൊല്ലപ്പെടുന്നു. റഷ്യൻ സൈനികരാൽ ബലാത്സംഗം ചെയ്യപ്പെടുന്ന മരിയ ഓടിരക്ഷപ്പെടുന്നു. അക്കോസിൻ്റെ ബന്ധുവായ എഡിത് എന്ന യുവതി മരിയയെ വിയന്നയിൽ ഒരു കന്യാസ്ത്രീ മഠത്തിലാക്കുന്നു. മരിയയും എഡിതും ആ മഠത്തിൽ തന്നെ ഒരുമിച്ച് പ്രസവിക്കുന്നു. സുരക്ഷാകാരണങ്ങളാൽ എഡിത് തന്റെ കുഞ്ഞിനെ മരിയയെ ഏൽപ്പിക്കുന്നു. സൈന്യം പിടികൂടിയ എഡിത് കൊല്ലപ്പെട്ടു. എഡിതിൻ്റെ കുഞ്ഞിനെ അന്വേഷിച്ചെത്തിയ സൈനികർക്ക് മരിയ സ്വന്തം കുഞ്ഞിനെ നൽകുന്നു. എഡിതിൻ്റെ കുഞ്ഞാണ് ഓൾഗ. മരിയയുടെ യഥാർത്ഥ മകൾ അന്നയെ കണ്ടെത്താൻ വേണ്ടി ഓൾഗയും അവളുടെ ഭർത്താവും പുറപ്പെടുന്നു. അന്നയുടെ ഫോട്ടോ കാണുന്ന മരിയ അന്ന എന്ന് വിളിച്ച് സന്തോഷത്തോടെ മരിക്കുന്നു. അന്വേഷണം തുടരുന്ന ഓൾഗയും ഭർത്താവും രാത്രിയിൽ ഒരു മലഞ്ചെരുവിലിരുന്ന് ആകാശത്ത് ധ്രുവദീപ്തി കാണുന്നു... ചരിത്രപരവും സാമൂഹികവുമായ യാഥാർത്ഥ്യങ്ങൾക്കുള്ളിൽ പ്രതിഷ്ഠിക്കപ്പെട്ട വ്യക്തിത്വമാണ് ഡയറി ഫോർ മൈ ലൗവ്സിലെ നായിക ജൂലി . നായികയുടെ ഓർമ്മകൾക്ക് ഊന്നൽ നൽകി ഡോക്കുമെന്ററി ശൈലി കൂടി അവലംബിച്ചുകൊണ്ട് സത്യാന്വേഷണത്തെ മുൻനിർത്തിയുള്ള വസ്തുനിഷ്ഠമായ കഥന രീതിയാണ് ഡയറി ഫോർ മൈ ലവ്സ് എന്ന സിനിമയിൽ മാർത്ത മെസാറോസ് അവതരിപ്പിക്കുന്നത്. ഡയറി ത്രയത്തിലെ രണ്ടാമത്തെ ചിത്രം. ( മൂന്നാമത്തെ സിനിമ - ഡയറി ഫോർ മൈ ഫാദർ ആൻഡ് മദർ ). ഡയറി ഫോർ മൈ ലവ്സ് എന്ന ഈ സിനിമയുടെ ആരംഭത്തിൽ ജാനോസിന്റെ അറസ്റ്റിനെ തുടർന്ന് വീടുവിട്ടുപോകുന്ന ജൂലിയെയാണ് നാം കാണുന്നത്. തനിക്കുള്ള പാർട്ടി സ്വാധീനം ഉപയോഗിച്ച് വളർത്തമ്മയായ മാഗ്ദ ജൂലിയെ കണ്ടെത്തി വീട്ടിലേക്ക് തിരികെ കൊണ്ടുവരികയും തുടർന്ന് ഇക്കണോമിക്സ് പഠിക്കാൻ മോസ്കോയിലേക്ക് അയക്കുകയും ചെയ്യുന്നു. ജൂലി മോസ്കോയിൽ ഇക്കണോമിക്സിനു പകരം സിനിമാ നിർമ്മാണ കോഴ്സിനാണ് ചേരുന്നത്.അവിടെ അവളുടെ രാഷ്ട്രീയ ധാരണകൾ ശക്തിപ്പെടുന്നു . ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനം , ഡോക്യുമെൻ്ററി ഫിലിം നിർമ്മാണം , യാഥാർത്ഥ്യങ്ങൾ ചിത്രീകരിക്കുന്നതിലൂടെ അധികൃതരുമായുള്ള പ്രശ്നങ്ങൾ ,കലയുടെ സൗന്ദര്യശാസ്ത്ര വീക്ഷണത്തിലെ വൈരുധ്യങ്ങൾ , സർകാർ നിർബന്ധങ്ങൾ , അറസ്റ്റ് ചെയ്യപ്പെട്ട തൻ്റെ പിതാവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടങ്ങിയവ ജൂലിയുടെ മോസ്കോ ജീവിതത്തിലുണ്ട്. ഡോക്യുമെൻററി ഫുട്ടേജുകൾ കൂടി ഉപയോഗിച്ചുള്ള ഈ സിനിമ , കളറിൽ നിന്നും ബ്ലാക്ക് ആൻഡ് വൈറ്റിലേക്കും തിരിച്ചും ഇടവിട്ട് സഞ്ചരിക്കുന്നു. അതിലൂടെ ചരിത്രപരമായ യാഥാർഥ്യത്തെ ഭാവനയുമായി ഇഴ ചേർത്ത് അവതരിപ്പിച്ചിരിക്കുന്നു. സ്റ്റാലിന്റെ ജീവിതത്തിലെ പല ഘട്ടങ്ങളും ഈ സിനിമയിലെ ഭൂതകാലാവിഷ്കരണത്തിന്റെ ഭാഗമായി ബ്ലാക്ക് ആൻഡ് വൈറ്റിൽ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. 1953 - ലെ സ്റ്റാലിന്റെ മരണം ഈ ചിത്രത്തിലെ ഒരു നിർണായക സന്ദർഭമാണ്. തുടർന്നുണ്ടാകുന്ന അധികാരമാറ്റങ്ങളും പ്രതീക്ഷകളും നിരാശകളും രാഷ്ട്രീയ സങ്കീർണ്ണതകളും ജൂലിയെ അലട്ടുന്നുണ്ട്. പിതാവ് കൊല്ലപ്പെട്ടുവെന്ന് ജൂലിയ്ക്ക് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ല. അവളുടെ മനസ്സിൽ മാതാപിതാക്കളെ കുറിച്ചുള്ള ഓർമ്മ ഒരു അഗാധവേദനയായി നിലനിൽക്കുന്നുണ്ട്. 1956 ലെ ഹംഗേറിയൻ വിപ്ലവത്തിന്റെ ആരംഭ ദശ ചിത്രീകരിക്കുന്നതോടെ , ഹംഗറിയിലേക്ക് തിരികെ പോകാനുള്ള പരിശ്രമത്തോടെ സിനിമ അവസാനിക്കുന്നു.സ്ക്രീനിംഗിനു മുൻപ് ഓരോ സിനിമയെയും കുറിച്ച് മലയാളത്തിൽ ലഘു വിവരണം നൽകുന്നുണ്ട് . ഉദ്ഘാടന ചടങ്ങിൽ മാർത്ത മെസാറോസിന്റെ ജന്മദിനവും അമേരിക്കൻ നേർകാഴ്ച വാരികയുടെ ചീഫ് എഡിറ്റർ സൈമൺ വളാച്ചേരിയുടെ ജന്മദിനവും നോവലിസ്റ്റ് - ചലച്ചിത്ര ഗ്രന്ഥകാരൻ - സംവിധായകൻ - ഫിൽക്ക ഫിലിം സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി സാബു ശങ്കറിന്റെ ജന്മദിനവും ഒന്നിച്ച് ആഘോഷിക്കുന്നു. ഏവർക്കും സ്വാഗതം . പ്രവേശനം സൗജന്യം .