21, September, 2026
Updated on 21, September, 2026 10
ഇറാനുമായുള്ള യുദ്ധം കൂടുതൽ വഷളാകുന്നതിനിടെ നിർണ്ണായക തീരുമാനങ്ങളിലേക്ക് കടക്കുകയാണെന്ന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വരും ദിവസങ്ങളിൽ വളരെ വലിയ കാര്യങ്ങൾ സംഭവിക്കാൻ പോകുകയാണെന്നും ഇറാൻ നിലപാടുകളിൽ മാറ്റം വരുത്തിയില്ലെങ്കിൽ കടുത്ത നടപടികൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാന്റെ സമ്പദ്‌വ്യവസ്ഥ തകർത്തുകളയുക, സൈനികമായി തകർക്കുക, അല്ലെങ്കിൽ നയതന്ത്ര കരാറിലെത്തുക എന്നീ മൂന്ന് വഴികളാണ് അമേരിക്കയുടെ മുന്നിലുള്ളതെന്ന് ട്രംപ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.അതേസമയം അമേരിക്കയുമായി ചർച്ച നടത്താൻ ഏഴ് ഉപാധികൾ ഇറാന്റെ ഭാഗത്തുനിന്ന് മുന്നോട്ടുവെച്ചിട്ടുണ്ട്. ഖത്തർ മുഖേന കൈമാറിയ നിർദ്ദേശങ്ങളിൽ ഉപരോധങ്ങൾ അവസാനിപ്പിക്കാനും സാമ്പത്തിക വിലക്കുകൾ നീക്കാനുമാണ് ഇറാൻ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഈ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ നിർണ്ണായക യുദ്ധത്തിന് സജ്ജമാണെന്ന ശക്തമായ മുന്നറിയിപ്പും ടെഹ്‌റാൻ നൽകിയിട്ടുണ്ട്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനം ന്യൂയോർക്കിൽ ആരംഭിക്കാനിരിക്കെയാണ് മേഖലയിൽ സംഘർഷം കടുക്കുന്നത്. സമ്മേളനത്തിനെത്തുന്ന ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി ചർച്ച നടത്താൻ തനിക്ക് തടസ്സമില്ലെന്ന് ട്രംപ് സൂചന നൽകി. എങ്കിലും ഹൊർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സവും മിസൈൽ അക്രമങ്ങളും തുടർക്കഥയാകുന്നതോടെ അന്താരാഷ്ട്ര സമൂഹം വലിയ ആശങ്കയിലാണ്.