21, September, 2026
Updated on 21, September, 2026 5
ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് അമേരിക്കൻ സന്ദർശനത്തിനെത്തുന്നു. സെപ്റ്റംബർ 23 മുതൽ 25 വരെ മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി വാഷിംഗ്ടണിൽ എത്തുന്ന ഷീ ജിൻപിങ്, അമേരിക്കൻ പ്രസിഡന്റുമായി നിർണ്ണായക ഉച്ചകോടിയിൽ പങ്കടുക്കും. മുൻപ് മേയിൽ ബെയ്ജിംഗിൽ വെച്ച് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും തമ്മിൽ നടക്കുന്ന രണ്ടാമത്തെ ഉച്ചകോടിയാണിത്.
വ്യാപാര ചുങ്കങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അപൂർവ്വ ധാതുക്കളുടെ കയറ്റുമതി നിയന്ത്രണങ്ങൾ, കൃഷി ഇനങ്ങളുടെ വ്യാപാരം തുടങ്ങി നിരവധി വിഷയങ്ങളിലാണ് ഇരു നേതാക്കളും പ്രധാനമായും ചർച്ച നടത്തുന്നത്. സന്ദർശനത്തിന് മുന്നോടിയായി വാഷിംഗ്ടണിൽ എത്തിയ ചൈനീസ് ധനകാര്യ പ്രതിനിധികളുമായി അമേരിക്കൻ ട്രഷറി സെക്രട്ടറി യോഗം ചേർന്ന് അടിസ്ഥാന തത്ത്വങ്ങളിൽ പ്രാഥമിക ധാരണ രൂപീകരിച്ചു. ഭാരതമുൾപ്പെടെയുള്ള മിത്രരാജ്യങ്ങൾക്ക് ദോഷകരമാകുന്ന തരത്തിലുള്ള ചൈനയുടെ ഏകപക്ഷീയമായ വ്യാപാര നയങ്ങളെ പ്രതിരോധിക്കാനും അമേരിക്കൻ കർഷകർക്കും വ്യവസായങ്ങൾക്കും ഗുണകരമാകുന്ന കരാറുകളിലേക്ക് ചൈനയെ കൊണ്ടുവരാനും ട്രംപിന്റെ ഭരണനേതൃത്വത്തിന് സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ചൈനയുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ അമേരിക്കയുടെ താൽപ്പര്യ സംരക്ഷണത്തിന് മുൻഗണന നൽകുന്ന സമീപനമാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. ഉച്ചകോടിയിൽ തായ്‌വാൻ സുരക്ഷ, തന്ത്രപ്രധാന സാങ്കേതികവിദ്യകൾ, ഇറാന്മേലുള്ള സാമ്പത്തിക ഉപരോധം തുടങ്ങിയ വിഷയങ്ങളിലും അമേരിക്ക തങ്ങളുടെ ശക്തമായ നിലപാട് വ്യക്തമാക്കും. ശക്തവും നിശ്ചയദാർഢ്യമുള്ളതുമായ അമേരിക്കൻ വിദേശനയം ആഗോള തലത്തിൽ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്ര സഹകരണങ്ങൾക്കും കൂടുതൽ കരുത്ത് പകരുന്നതാണ്. ഈ സന്ദർശനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തർക്കങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നയതന്ത്ര ലോകം.