3, October, 2026
Updated on 3, October, 2026 10
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് കേരള സർക്കാർ തൽക്കാലം മുന്നോട്ടുപോകേണ്ടതില്ലെന്ന നിലപാടിലേക്ക് നീങ്ങുന്നതായി സൂചന. പദ്ധതിയുടെ നടത്തിപ്പിനെതിരെ മുസ്ലിം ലീഗിൽ നിന്നടക്കം ശക്തമായ എതിർപ്പ് ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ തുടർനടപടികൾ തൽക്കാലം മാറ്റിവയ്ക്കാൻ ആലോചിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഉപസമിതി ഉടൻ യോഗം ചേരില്ലെന്നാണ് വിവരം. പദ്ധതിയുടെ തുടർനടപടികൾ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയതായാണ് വിവരം.പിഎം ശ്രീ നടപ്പാക്കുന്നതിനെതിരെ യൂത്ത് ലീഗടക്കം കടുത്ത വിമർശനമാണ് ഉയർത്തിയിരുന്നത്. മുന്നണിക്കുള്ളിൽ തന്നെ എതിർപ്പ് ശക്തമായതോടെ വിഷയത്തിൽ കൂടുതൽ ചർച്ചകൾക്ക് ശേഷമേ തീരുമാനമെടുക്കൂ എന്ന നിലപാടിലാണ് സർക്കാർ.അതേസമയം, പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം കേരളത്തിന് കത്തയച്ചിരുന്നു. കേന്ദ്ര വിദ്യാഭ്യാസ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്കാണ് കത്ത് നൽകിയത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിന്റെ ഭാഗമായി പദ്ധതി തുടരണമെന്നും കേരളം നേരത്തെ തന്നെ ധാരണാപത്രത്തിൽ ഒപ്പിട്ടിട്ടുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.പദ്ധതിയുമായി ബന്ധപ്പെട്ട ഉപസമിതിയുടെ നടപടികൾ വേഗത്തിലാക്കണമെന്നും വിദ്യാർഥികളുടെ താൽപര്യം സംരക്ഷിക്കുന്ന തരത്തിൽ തുടർനടപടികൾ സ്വീകരിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. പുതിയ സർക്കാർ അധികാരത്തിലെത്തിയ ശേഷം കേന്ദ്രം അയക്കുന്ന രണ്ടാമത്തെ കത്താണിത്. പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെടുന്ന സർക്കാർ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക, ആധുനിക പഠനരീതികൾ പ്രോത്സാഹിപ്പിക്കുക, സാങ്കേതികവിദ്യ അധിഷ്ഠിത വിദ്യാഭ്യാസം ശക്തിപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകളും ദേശീയ വിദ്യാഭ്യാസ നയവുമായുള്ള ബന്ധവും സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ നയപരമായ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന ആശങ്കകൾ നേരത്തെ തന്നെ ഉയർന്നിരുന്നു.
സംസ്ഥാനത്ത് പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഉപസമിതി രൂപീകരിച്ചിരുന്നെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ അതിന്റെ പ്രവർത്തനങ്ങൾ തൽക്കാലം മുന്നോട്ടുകൊണ്ടുപോകേണ്ടതില്ലെന്നാണ് സർക്കാരിന്റെ നിലപാട്. മുസ്ലിം ലീഗിന്റെ എതിർപ്പ് ശക്തമായതോടെ മുന്നണി തലത്തിൽ വിഷയം വീണ്ടും ചർച്ച ചെയ്യേണ്ട സാഹചര്യമാണുള്ളത്.