17, December, 2025
Updated on 17, December, 2025 15
ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവെപ്പ് നടത്തിയത് ഹൈദരാബാദ് സ്വദേശി. ഹൈദരാബാദിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് ചേക്കേറിയ 50 വയസുകാരൻ സാജിദ് അക്രവും മകൻ നവീദ് അക്രവുമാണ് ആക്രമണം നടത്തിയത്. സാജിദ് അക്രം പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ മകൻ നവീദ് അക്രം (24) ആശുപത്രിയിൽ ചികിത്സയിലാണ്.സാജിദ് ഹൈദരാബാദ് സ്വദേശിയാണെന്ന് തെലങ്കാന പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 27 വർഷം മുൻപ്, 1998ലാണ് സാജിദ് അക്രം ഹൈദരാബാദിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് പോയത്. ഹൈദരാബാദിൽ ബികോം പൂർത്തിയാക്കിയ ഇയാൾ തുടർപഠനത്തിനായി വിദ്യാർത്ഥി വീസയിൽ ഓസ്ട്രേലിയയിലേക്ക് കുടിയേറുകയായിരുന്നു. ഇവിടെവച്ച് യൂറോപ്യൻ വംശജയായ വെനേര ഗ്രോസോയെ വിവാഹം കഴിച്ച് ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കി. ഇവരുടെ രണ്ട് മക്കളിൽ ഒരാളാണ് നവീദ് അക്രം.
ക്രിസ്ത്യൻ യുവതിയെ വിവാഹം ചെയ്തതിനെ തുടർന്ന് ഹൈദരാബാദിലെ കുടുംബം സാജിദുമായുള്ള ബന്ധം നേരത്തെ വിഛേദിച്ചിരുന്നു എന്നാണ് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സാജിദിനും നവീദിനും ഇന്ത്യയിൽ കാര്യമായ പ്രാദേശിക ബന്ധങ്ങൾ ഇല്ലെന്നാണ് തെലങ്കാന പോലീസും പറയുന്നത്. 27 വർഷത്തിനിടെ ആറ് തവണ മാത്രമാണ് ഇയാൾ ഇന്ത്യ സന്ദർശിച്ചത്. രാജ്യം വിടുന്നതിന് മുൻപുള്ള കാലയളവിൽ ഇയാൾക്ക് യാതൊരു ക്രിമിനൽ പശ്ചാത്തലവും ഇല്ലായിരുന്നു എന്നും പോലീസ് കൂട്ടിച്ചേർത്തു.
ബോണ്ടി ബീച്ചിൽ ജൂതമത വിഭാഗത്തിൻ്റെ ഹനുക്ക ആഘോഷം നടക്കുന്നതിനിടയിലേക്കാണ് സാജിദും നവീദും വെടിവെച്ചത്. ഇവരിൽ നിന്ന് ലൈസൻസുള്ള തോക്ക് കണ്ടെടുത്തിരുന്നു. സംഭവം ഭീകരാക്രമണമായിരുന്നു എന്ന് പോലീസ് സ്ഥിരീകരിച്ചു. ജൂത മതവിശ്വാസികളുടെ എട്ട് ദിവസം നീളുന്ന ആഘോഷമാണ് ഹനുക്ക. ഇതിൽ പങ്കെടുക്കാനായാണ് ബോണ്ടി ബീച്ചിൽ വിശ്വാസികൾ ഒത്തുകൂടിയിരുന്നത്.