19, December, 2025
Updated on 19, December, 2025 10
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച പരിഷ്കരിച്ച സമാധാന നിർദ്ദേശത്തിന് യുക്രെയ്നിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി അംഗീകാരം നൽകിയെങ്കിലും, മേഖലയിലെ സമാധാന പ്രതീക്ഷകൾ ഇപ്പോഴും മരീചികയായി തുടരുകയാണ്. നാല് വർഷത്തോളമായി തുടരുന്ന രക്തരൂക്ഷിതമായ ഈ പോരാട്ടം ഉടൻ അവസാനിക്കാനുള്ള സാധ്യതകൾ മങ്ങുന്നതായാണ് സൂചനകൾ. ബെർലിനിൽ നടന്ന യൂറോപ്യൻ നേതാക്കളുടെ കൂടിക്കാഴ്ചയിൽ സെലെൻസ്‌കിയും ട്രംപും അംഗീകരിച്ച ഈ നിർദ്ദേശങ്ങളെ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പാടെ നിരസിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. നയതന്ത്രത്തിലൂടെയോ അല്ലെങ്കിൽ സൈനിക നടപടിയിലൂടെയോ യുക്രെയ്നിൽ താൻ ലക്ഷ്യമിട്ട കാര്യങ്ങൾ നേടിയെടുക്കുമെന്ന് ആവർത്തിച്ച പുടിൻ, യൂറോപ്യൻ നേതാക്കളെ പരിഹാസരൂപേണ വിമർശിക്കുകയും ചെയ്തു.ട്രംപ് മുൻപ് അവതരിപ്പിച്ച മൂന്ന് വെടിനിർത്തൽ പദ്ധതികളുടെ അതേ ഗതി തന്നെയാണ് പുതിയ നിർദ്ദേശത്തെയും കാത്തിരിക്കുന്നത് എന്ന ആശങ്ക ശക്തമാണ്. മാർച്ച്, മെയ്, ജൂലൈ മാസങ്ങളിൽ ട്രംപ് സമാനമായ നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിരുന്നു. അപ്പോഴെല്ലാം വെടിനിർത്തൽ ലംഘിക്കുന്ന പക്ഷം പുടിനും റഷ്യയ്ക്കുമേൽ കടുത്ത പിഴയും ഉപരോധങ്ങളും ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നുവെങ്കിലും അവ ഒരിക്കലും പ്രാവർത്തികമായില്ല. ആദ്യം ട്രംപ് ഒരു സമാധാന വാഗ്ദാനം നൽകുകയും, പിന്നീട് റഷ്യക്ക് അനുകൂലമായ നിബന്ധനകൾ അംഗീകരിക്കാൻ യുക്രെയ്‌നിനുമേൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്ന ഒരു രീതിയാണ് കണ്ടുവരുന്നത്. യുക്രെയ്ൻ ഇത്തരം വാഗ്ദാനങ്ങൾ സ്വീകരിക്കാൻ തയ്യാറായെങ്കിലും പുടിൻ അവ നിരസിക്കുന്നതാണ് പതിവ്. പുടിൻ ആക്രമണം കടുപ്പിക്കുമ്പോൾ ട്രംപ് ഞെട്ടൽ പ്രകടിപ്പിക്കുമെങ്കിലും അവസാനം പുടിന്റെ നിബന്ധനകൾക്ക് വഴങ്ങുന്നതാണ് ഇതുവരെയുള്ള ചരിത്രം.
കരിങ്കടലിലെ സുരക്ഷയ്ക്കും ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളുടെ സംരക്ഷണത്തിനുമായി മാർച്ചിൽ പ്രഖ്യാപിച്ച 30 ദിവസത്തെ വെടിനിർത്തൽ കരാർ ഇത്തരത്തിൽ പരാജയപ്പെട്ട ഒന്നായിരുന്നു. വൈറ്റ് ഹൗസ് കരാർ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ ക്രെംലിൻ അത് തള്ളി. റഷ്യൻ ബാങ്കുകൾക്കും കമ്പനികൾക്കുമേലുള്ള ഉപരോധങ്ങൾ നീക്കുകയും SWIFT പേയ്‌മെന്റ് സംവിധാനം പുനഃസ്ഥാപിക്കുകയും ചെയ്യാതെ വെടിനിർത്തൽ സാധ്യമല്ലെന്ന നിലപാടാണ് പുടിൻ സ്വീകരിച്ചത്. ഇതിന് പിന്നാലെ യുക്രെയ്നിയന് തുറമുഖ നഗരമായ മൈക്കോലൈവിൽ റഷ്യ കടുത്ത ആക്രമണം നടത്തുകയും ചെയ്തു. ഊർജ്ജ മേഖലയെ സംരക്ഷിക്കാനുള്ള കരാർ നിലനിൽക്കെത്തന്നെ യുക്രെയ്‌നിലെ ഊർജ്ജ കേന്ദ്രങ്ങളിൽ റഷ്യ മുപ്പതോളം തവണ ആക്രമണങ്ങൾ നടത്തിയെങ്കിലും ട്രംപ് റഷ്യക്കെതിരെ നടപടികളൊന്നും സ്വീകരിച്ചില്ല.
മെയ് മാസത്തിലും ജൂലൈ മാസത്തിലും ട്രംപ് നടത്തിയ സമാധാന ശ്രമങ്ങൾ സമാനമായ രീതിയിൽ പരാജയപ്പെടുകയായിരുന്നു. മെയ് മാസത്തിൽ 30 ദിവസത്തെ അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്ത ട്രംപ്, പുടിനുമായുള്ള ഫോൺ സംഭാഷണത്തിന് ശേഷം പെട്ടെന്ന് നിലപാട് മാറ്റി. വെടിനിർത്തലിന് പകരം ഇരുരാജ്യങ്ങളും നേരിട്ട് ചർച്ച നടത്തുമെന്ന പുതിയ പ്രഖ്യാപനത്തിലൂടെ യുക്രെയ്‌നിനും യൂറോപ്യൻ പങ്കാളികൾക്കും അദ്ദേഹം വലിയ തിരിച്ചടിയാണ് നൽകിയത്. ജൂലൈയിൽ വെടിനിർത്തലിനായി പുടിന് ട്രംപ് നൽകിയ 50 ദിവസത്തെ സമയപരിധിയും യുക്രെയ്‌നിന് ദോഷകരമായി ഭവിച്ചു. ഈ സമയം ഉപയോഗിച്ച് കൂടുതൽ ഉക്രെയ്നിയൻ ഭൂഭാഗങ്ങൾ പിടിച്ചെടുക്കാനാണ് റഷ്യ ശ്രമിച്ചത്. സമയപരിധി കഴിഞ്ഞിട്ടും പുടിൻ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതിരുന്നിട്ടും റഷ്യയെ ശിക്ഷിക്കുമെന്ന് ആവർത്തിച്ചുള്ള ഭീഷണി വെറും വാക്കുകളിൽ ഒതുങ്ങുകയായിരുന്നു.