4, February, 2026
Updated on 4, February, 2026 20
വാഷിംഗ്ടണ്‍: കുട്ടികള്‍ക്കിടയില്‍ അശ്ലീലദൃശ്യങ്ങള്‍, അക്രമം തുടങ്ങിയ ഗുരുതരമായ ഉള്ളടക്കങ്ങളുള്ള സോഷ്യല്‍ മീഡിയയില്‍ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനായി 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിക്കാനുള്ള സ്‌പെയിന്റെ നീക്കത്തിനെതിരേ അമേരിക്കന്‍ വ്യവസായ ഭീമന്‍ ഇലോണ്‍ മസ്‌ക്. ദുബായില്‍ നടന്ന ഉച്ചകോടിയില്‍ സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസാണ് നിരോധനക്കാര്യം പ്രഖ്യാപിച്ചത്.
ഇതിനു പിന്നാലെ എക്‌സ് ഉടമകൂടിയായ ഇലോണ്‍ മസ്‌ക് അതിരൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ചെക്ക് ബോക്‌സിന് പകരം അതിനു ഫലപ്രദമായ പ്രായപരിശോധനാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നായിരുന്നു സ്പാനിഷ് പ്രധാനമന്ത്രി സാഞ്ചസ് പറഞ്ഞത്. കുട്ടികള്‍ ഒറ്റയ്ക്ക് കൈകാര്യം ചെയ്യാന്‍ പാടില്ലാത്ത ലഹരി, ദുരുപയോഗം, അശ്ലീലം തുടങ്ങിയ നഇടങ്ങളിലാണ് ഇന്ന് സമയം ചിലവഴിക്കുന്നത്. ഇത് ഇനി അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനു പിന്നാലെയാണ് എക്‌സിലൂടെ രൂക്ഷ വിമര്‍ശനവുമായി ഇലോണ്‍ മസ്‌ക് എത്തിയത്. സാഞ്ചസിനെ ഡേര്‍ട്ടി സാഞ്ചസ് എന്ന് വിളിച്ച മസ്‌ക്, അദ്ദേഹം സ്‌പെയിനിലെ ജനങ്ങളെ വഞ്ചിക്കുന്ന ഒരു ‘സ്വേച്ഛാധിപതി’യാണെന്നും ആരോപിച്ചു. മറ്റൊരു പോസ്റ്റില്‍ സാഞ്ചസിനെ ‘യഥാര്‍ത്ഥ ഫാസിസ്റ്റ്’ എന്നും മസ്‌ക് വിശേഷിപ്പിച്ചു. രാഷ്ട്രീയ ഇടപെടലും ലൈംഗികാതിക്രമങ്ങളും ആരോപിച്ച് പാരീസിലെ എക്‌സ് ഓഫീസുകളില്‍ ഫ്രഞ്ച് അധികൃതര്‍ നടത്തിയ റെയ്ഡുകള്‍ക്കെതിരെയും മസ്‌ക് രംഗത്തുവന്നു