വിതരണക്കാർ ഞങ്ങൾ മാത്രമല്ല, ഇന്ത്യയ്ക്ക് ഏത് രാജ്യത്ത് നിന്നും എണ്ണ വാങ്ങാം’: റഷ്യ


5, February, 2026
Updated on 5, February, 2026 17


മോസ്‍കോ: ഏത് രാജ്യത്ത് നിന്നും എണ്ണ വാങ്ങാൻ ഇന്ത്യക്ക് സ്വാതന്ത്ര്യമുണ്ടെന്ന് റഷ്യ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യ–യുഎസ് വ്യാപാര കരാർ പ്രഖ്യാപിച്ചതിന്റെ പശ്ചാതലത്തിലാണ് റഷ്യയുടെ പ്രതികരണം. റഷ്യൻ പ്രസ് സെക്രട്ടറി ദിമിത്രി പെഷ്കോവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‘‘ഇന്ത്യക്ക് എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും നൽകുന്ന ഏക വിതരണക്കാർ റഷ്യയല്ലെന്ന് ഞങ്ങൾക്ക് നന്നായി അറിയാം. ഇന്ത്യ എല്ലാക്കാലത്തും ഈ ഉൽപ്പന്നങ്ങൾ മറ്റു രാജ്യങ്ങളിൽ നിന്നും വാങ്ങിയിട്ടുണ്ട്. അതുകൊണ്ട്, ഇതിൽ പുതുമയൊന്നും ഞങ്ങൾ കാണുന്നില്ല’’ – ദിമിത്രി പെഷ്കോവ് പറഞ്ഞു.റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താനും പകരം അമേരിക്കയിൽ നിന്ന് വാങ്ങാനും പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിച്ചുവെന്ന ട്രംപിന്റെ അവകാശവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ക്രെംലിൻ വക്താവിന്റെ പരാമർശം. അതേസമയം ഇന്ത്യയിൽനിന്ന് ഇതുവരെ ഇത് സംബന്ധിച്ച് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നായിരുന്നു പെസ്‌കോവിന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. ഇന്ത്യയുമായുള്ള ബന്ധത്തിന് റഷ്യ വലിയ മൂല്യം കൽപ്പിക്കുന്നുണ്ടെന്നും തന്ത്രപ്രധാനമായ ഈ പങ്കാളിത്തം വികസിപ്പിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. നീണ്ട നാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ്, ഇന്ത്യ–യുഎസ് വ്യാപാരക്കരാറിന് ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് വെളിപ്പെടുത്തിയത്. ഇന്ത്യയ്ക്കു ചുമത്തിയ പകരം തീരുവ 18 ശതമാനമാക്കി കുറച്ചെന്നും ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു.




Feedback and suggestions