7, March, 2026
Updated on 7, March, 2026 76
ഇറാൻ കപ്പലായ ഐറിസ് ലവാന് കൊച്ചിയിൽ അഭയം നൽകിയ നടപടി മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്ന് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ വ്യക്തമാക്കി. സാങ്കേതിക തകരാറുകളെത്തുടർന്ന് സഹായം അഭ്യർത്ഥിച്ച കപ്പലിൽ നിരവധി യുവ നാവികരുണ്ടെന്നും അവർക്ക് തുണയാകുന്നത് ഇന്ത്യയുടെ ശരിയായ നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ കൊച്ചി മട്ടാഞ്ചേരി കോൾ ബർത്തിലാണ് കപ്പൽ നങ്കൂരമിട്ടിരിക്കുന്നത്.
കഴിഞ്ഞ മാസം 28-നാണ് ഐറിസ് ലവാൻ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യൻ തീരത്ത് അടുപ്പിക്കാൻ അനുമതി തേടിയത്. തുടർന്ന് ഈ മാസം 4-ന് കപ്പൽ കൊച്ചിയിലെത്തിച്ചു. കപ്പലിലുണ്ടായിരുന്ന 183 പേരെ നിലവിൽ കൊച്ചിയിലെ വിവിധ നാവിക കേന്ദ്രങ്ങളിൽ സുരക്ഷിതമായി പാർപ്പിച്ചിരിക്കുകയാണെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ ഉൾപ്പെടെയുള്ളവരെ ഒഴിപ്പിക്കാനുള്ള പദ്ധതികൾ ഇന്ത്യ തയ്യാറാക്കുന്നതിനിടയിലാണ് ഈ നയതന്ത്ര നീക്കം നടക്കുന്നത്.
അതേസമയം, മറ്റൊരു ഇറാൻ കപ്പലായ ഐറിസ് ദേനയിലെ നാവികരെ സംബന്ധിച്ച് അമേരിക്ക നിലപാട് കടുപ്പിച്ചതായാണ് റിപ്പോർട്ട്. ഈ നാവികരെ ഇറാനിലേക്ക് തിരിച്ചയക്കരുതെന്ന് ശ്രീലങ്കൻ സർക്കാരിനോട് അമേരിക്ക ആവശ്യപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ശ്രീലങ്ക ഏറ്റെടുത്ത ഐറിൻസ് ബുഷെർ എന്ന കപ്പലിൽ നാവികരെ നാട്ടിലേക്ക് അയക്കരുതെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് മെമ്മോ ഉദ്ധരിച്ചാണ് റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇറാൻ കപ്പലുകൾക്ക് സഹായം നൽകുന്നതിനെതിരെ അമേരിക്ക രാജ്യാന്തര തലത്തിൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ സൂചനയാണിത്.