9, March, 2026
Updated on 9, March, 2026 51
പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഇറാന്റെ അടുത്ത പരമോന്നത നേതാവിനെതിരെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ അംഗീകാരമില്ലാതെ ഇറാന്റെ പുതിയ നേതാവിന് അധികകാലം അധികാരത്തിൽ തുടരാനാകില്ലെന്ന് ട്രംപ് വ്യക്തമാക്കി.അമേരിക്കയുടെയും ഇസ്രായേലിന്റെയും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയെ പ്രഖ്യാപിക്കാൻ ഇറാൻ ഒരുങ്ങുന്നതിനിടെയാണ് ട്രംപിന്റെ പ്രതികരണം.ഇറാന്റെ പരമോന്നത സമിതിയായ അസംബ്ലി ഓഫ് എക്സ്പെർട്സ് പുതിയ നേതാവിനെ തിരഞ്ഞെടുക്കാൻ രഹസ്യ വോട്ടെടുപ്പ് നടത്തിയതായാണ് വിവരം. അലി ഖമേനിയുടെ മകൻ മൊജ്തബ ഖമേനി (56) പുതിയ നേതാവാകുമെന്നാണ് സൂചനകൾ. എന്നാൽ മുജ്തബ ഒരു 'ലൈറ്റ്‌വെയ്റ്റ്' (അപ്രസക്തൻ) ആണെന്നും അദ്ദേഹം തനിക്ക് അസ്വീകാര്യനാണെന്നും ട്രംപ് എബിസി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.അതേസമയം, ഇറാന്റെ ആഭ്യന്തര കാര്യങ്ങളിൽ ആരെയും ഇടപെടാൻ അനുവദിക്കില്ലെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി തിരിച്ചടിച്ചു. മേഖലയിൽ യുദ്ധം പടർത്തിയതിന് ട്രംപ് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.യുദ്ധം രണ്ടാം ആഴ്ചയിലേക്ക് കടന്നതോടെ ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലെ എണ്ണ സംഭരണശാലകൾക്ക് നേരെ ഇസ്രായേൽ അതിശക്തമായ വ്യോമാക്രമണം നടത്തി. നഗരത്തിന് ചുറ്റുമുള്ള അഞ്ച് എണ്ണ കേന്ദ്രങ്ങളിലാണ് മിസൈലുകൾ പതിച്ചത്. ഇതോടെ തെഹ്‌റാൻ നഗരം കറുത്ത പുകയാൽ മൂടി. ആക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇറാൻ സൈന്യത്തിന് ഇന്ധനം എത്തിക്കുന്ന കേന്ദ്രങ്ങളാണ് തകർത്തതെന്ന് ഇസ്രായേൽ അവകാശപ്പെട്ടു.ഇതുവരെ ഇറാനിൽ 1,300-ലധികം സിവിലിയന്മാരും ലെബനനിൽ 400-ഓളം പേരും കൊല്ലപ്പെട്ടതായാണ് കണക്കുകൾ. ഇതിനിടെ, കഴിഞ്ഞ ദിവസം ശ്രീലങ്കൻ തീരത്ത് വെച്ച് ഇറാന്റെ യുദ്ധക്കപ്പലായ ഐആർഐഎസ് ദേന അമേരിക്കൻ അന്തർവാഹിനി മുക്കിയതും സ്ഥിതിഗതികൾ സങ്കീർണ്ണമാക്കിയിട്ടുണ്ട്.