12, March, 2026
Updated on 12, March, 2026 8
ഇന്ത്യ, ചൈന, യൂറോപ്യൻ യൂണിയൻ എന്നിവയുൾപ്പെടെയുള്ള 16 പ്രധാന വ്യാപാര പങ്കാളികൾക്കെതിരെ അമേരിക്ക പുതിയ വ്യാപാര അന്വേഷണം ആരംഭിച്ചു. രാജ്യത്തെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾക്ക് സുപ്രീം കോടതിയിൽ നിന്ന് തിരിച്ചടിയേറ്റതിന് പിന്നാലെയാണ് ഭരണകൂടം ഈ ബദൽ മാർഗ്ഗം സ്വീകരിച്ചിരിക്കുന്നത്.1974-ലെ ട്രേഡ് ആക്ടിന്റെ സെക്ഷൻ 301 പ്രകാരമാണ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് യുഎസ് ട്രേഡ് പ്രതിനിധി ജാമീസൺ ഗ്രീർ അറിയിച്ചു. ഇന്ത്യയെ കൂടാതെ ചൈന, യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ദക്ഷിണ കൊറിയ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളും ഇതിന്റെ പരിധിയിൽ വരും.തായ്‌വാൻ, വിയറ്റ്‌നാം, തായ്‌ലൻഡ്, മലേഷ്യ, കംബോഡിയ, സിംഗപ്പൂർ, ഇന്തോനേഷ്യ, ബംഗ്ലാദേശ്, സ്വിറ്റ്‌സർലൻഡ്, നോർവേ എന്നീ രാജ്യങ്ങളും പട്ടികയിലുണ്ട്.വിപണിയിലെ യഥാർത്ഥ ആവശ്യകതയേക്കാൾ കൂടുതൽ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന രാജ്യങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഉൽപ്പാദന മേഖലയിലെ അമിതശേഷി വഴി കുറഞ്ഞ വിലയ്ക്ക് ആഗോള വിപണിയിലേക്ക് ഉൽപ്പന്നങ്ങൾ എത്തിക്കുന്നത് തടയാനാണ് അമേരിക്കയുടെ നീക്കം.കഴിഞ്ഞ മാസം ട്രംപിന്റെ ഇറക്കുമതി തീരുവ പരിപാടിയുടെ പ്രധാന ഭാഗം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിനെ മറികടക്കാൻ നിയമപരമായ മറ്റ് മാർഗ്ഗങ്ങൾ തേടുകയാണ് വൈറ്റ് ഹൗസ്. ജൂലൈയിൽ നിലവിലുള്ള താൽക്കാലിക തീരുവകളുടെ കാലാവധി അവസാനിക്കുന്നതിന് മുൻപ് പുതിയ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
രാജ്യത്തിന്റെ വ്യാപാര കമ്മി കുറയ്ക്കുന്നതിനും ആഭ്യന്തര നിർമ്മാണ മേഖലയെ സംരക്ഷിക്കുന്നതിനും ഏതറ്റം വരെയും പോകുമെന്ന് ജാമീസൺ ഗ്രീർ വ്യക്തമാക്കി. ഇതിലൂടെ വരും മാസങ്ങളിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്കയിൽ വലിയ തോതിലുള്ള നികുതി ചുമത്തിയേക്കും.അറുപതിലധികം രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കെതിരെ 'നിർബന്ധിത തൊഴിൽ' (Forced Labour) ഉപയോഗിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചും പ്രത്യേക അന്വേഷണം നടത്തുമെന്ന് ഗ്രീർ അറിയിച്ചു. ചൈനയിലെ സിൻജിയാങ് മേഖലയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്കുള്ള നിയന്ത്രണം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.അമേരിക്കൻ നിർമ്മാണ മേഖലയെ സംരക്ഷിക്കാൻ പ്രസിഡന്റ് ട്രംപ് പ്രതിജ്ഞാബദ്ധനാണെന്നും അതിനായി ആവശ്യമായ എല്ലാ ആയുധങ്ങളും പ്രയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.അന്വേഷണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് ഏപ്രിൽ 15 വരെ അഭിപ്രായങ്ങൾ രേഖപ്പെടുത്താം. മെയ് മാസത്തിൽ ഇതുമായി ബന്ധപ്പെട്ട ഹിയറിംഗ് നടക്കും. പാരീസിൽ ചൈനീസ് പ്രതിനിധികളുമായി നിർണ്ണായക ചർച്ചകൾ നടക്കാനിരിക്കെയാണ് അമേരിക്കയുടെ ഈ നീക്കം.ഈ മാസം അവസാനം ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ കൂടിക്കാഴ്ച നടത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഈ പുതിയ നീക്കം ഇന്ത്യയുടെ കയറ്റുമതി മേഖലയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.