യുദ്ധമുഖത്ത് രക്ഷകനായി പൈലറ്റില്ലാ വിമാനം; സൈനികരെ മാറ്റാൻ ഡ്രോൺ പദ്ധതിക്ക് കേന്ദ്ര അനുമതി


9, April, 2026
Updated on 9, April, 2026 4


യുദ്ധമുഖത്തോ മറ്റ് അപകട സാഹചര്യങ്ങളിലോ പരിക്കേൽക്കുന്ന സൈനികരെ സുരക്ഷിതമായി മാറ്റുന്നതിനായി അത്യാധുനിക പൈലറ്റില്ലാ വിമാനങ്ങൾ (ഡ്രോണുകൾ) വികസിപ്പിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി. രക്ഷാപ്രവർത്തനത്തിനിടെ കൂടുതൽ പൈലറ്റുമാരുടെ ജീവൻ അപകടത്തിലാകുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതിരോധ മന്ത്രാലയം ഈ ബൃഹദ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്.


ഡിഫൻസ് അക്വിസിഷൻ പ്രൊസീജർ 2020-ലെ ‘മേയ്ക്ക് -ഐ’ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വികസന ചെലവിന്റെ 70 ശതമാനം സർക്കാർ വഹിക്കുമ്പോൾ, ബാക്കി 30 ശതമാനം തുക ഇന്ത്യൻ സ്വകാര്യ കമ്പനികൾ നിക്ഷേപിക്കും. പൂർണ്ണമായും ഇന്ത്യയിൽ വികസിപ്പിച്ചെടുക്കുന്ന ഈ സംവിധാനം പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തതയ്ക്ക് വലിയ കരുത്തുപകരും.റൺവേയുടെ ആവശ്യമില്ലാതെ തന്നെ കുത്തനെ പറന്നുയരാനും ലാൻഡ് ചെയ്യാനും സാധിക്കുന്നഡ്രോണുകളായിരിക്കും ഇവ. എമർജൻസി ലൊക്കേറ്റർ ട്രാൻസ്മിറ്റർ സിഗ്നലുകൾ പിന്തുടർന്ന് അപകടത്തിൽപ്പെട്ടവരെ കണ്ടെത്താനും കൃത്യമായി അവിടെ ലാൻഡ് ചെയ്യാനും ഇതിന് സാധിക്കും. സമുദ്രനിരപ്പിൽ നിന്ന് 16,000 അടി മുതൽ 20,000 അടി വരെ ഉയരത്തിൽ പറക്കാൻ ശേഷിയുള്ള ഈ ഡ്രോണുകൾക്ക് 200 കിലോമീറ്റർ ചുറ്റളവിൽ 45 മിനിറ്റ് വരെ തുടർച്ചയായി നിരീക്ഷണം നടത്താൻ കഴിയും.


ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ സ്വയംനിയന്ത്രിത സംവിധാനമാണ് ഇതിന്റെ പ്രത്യേകത. നാല് യാത്രക്കാരെയോ അല്ലെങ്കിൽ രോഗികളെ കിടത്തിയ സ്‌ട്രെച്ചറുകളോ ഉൾപ്പെടെ 400 കിലോഗ്രാം ഭാരം ഒരേസമയം വഹിക്കാൻ ഈ പ്ലാറ്റ്‌ഫോമിന് ശേഷിയുണ്ടാകും. ഉപഗ്രഹ സഹായം ലഭ്യമല്ലാത്ത സാഹചര്യങ്ങളിലും പ്രതികൂല കാലാവസ്ഥയിലും തടസ്സമില്ലാതെ പ്രവർത്തിക്കാൻ കഴിയുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപ്പന.


രക്ഷാദൗത്യങ്ങൾക്ക് പുറമെ, ഹെലികോപ്റ്ററുകൾക്ക് എത്താൻ പ്രയാസമുള്ള ഹിമാലയൻ മലനിരകളിലെ സൈനിക പോസ്റ്റുകളിലേക്ക് അവശ്യസാധനങ്ങൾ എത്തിക്കാനും ഈ ഡ്രോണുകൾ ഉപയോഗിക്കാം. നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിൽ പകുതിയോളം ഘടകങ്ങൾ തദ്ദേശീയമായിരിക്കും. ഭാവിയിൽ ഇത് വർദ്ധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതോടെ ഉയർന്ന സാങ്കേതിക വിദ്യയ്ക്കായി വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് ഗണ്യമായി കുറയ്ക്കാൻ ഇന്ത്യയ്ക്ക് സാധിക്കും.




Feedback and suggestions