12, April, 2026
Updated on 12, April, 2026 52
ഇസ്ലാമാബാദ് : പാകിസ്താൻ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ നടന്ന യുഎസ്-ഇറാൻ നിർണ്ണായകമായ ഉഭയകക്ഷി ചർച്ചകൾ പരാജയപ്പെട്ടതായി അമേരിക്കയും ഇറാനും ഔദ്യോഗികമായി സ്ഥിരീകരിച്ചു. പാകിസ്താന്റെ മധ്യസ്ഥ ശ്രമം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അയവ് വരുത്തുന്നതിൽ ഫലിച്ചില്ല. ചർച്ച പരാജയപ്പെട്ടതായി ഇരുരാജ്യങ്ങളും അറിയിച്ചതോടെ ലോകരാജ്യങ്ങൾക്ക് മുൻപിൽ വൻ നാണക്കേടാണ് പാകിസ്താന് ഉണ്ടായിരിക്കുന്നത്. പാക് സൈനിക മേധാവി അസിം മുനീർ ആയിരുന്നു ചർച്ചകൾക്ക് മേൽനോട്ടം വഹിച്ചിരുന്നത്. എന്നാൽ ഇരു രാജ്യങ്ങളെയും തമ്മിൽ ധാരണയിൽ എത്തിക്കാൻ മുനീറിന്റെ നേതൃത്വത്തിന് കഴിഞ്ഞില്ല.
ഏകദേശം 21 മണിക്കൂർ സമയമാണ് ചർച്ചകൾ നീണ്ടുനിന്നത്. 1979-ന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നടന്ന ഏറ്റവും ഉയർന്ന തലത്തിലുള്ള നേരിട്ടുള്ള ചർച്ചയായിരുന്നു ഇത്. ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഇറാൻ വിദേശകാര്യ മന്ത്രാലയം കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. നയതന്ത്രം എന്നത് തങ്ങളെ സംബന്ധിച്ചിടത്തോളം ഒരു 'വിശുദ്ധ യുദ്ധ'മാണെന്നും രാജ്യത്തിൻ്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും ഇറാൻ വക്താവ് ഇസ്മായിൽ ബാഖേയി വ്യക്തമാക്കി. അമേരിക്ക മുന്നോട്ടുവെച്ച ആവശ്യങ്ങൾ അപ്രായോഗികവും അന്യായവുമാണ് എന്നും ഇറാൻ പ്രതികരിച്ചു.