ഒരു മണിക്കൂറിനിടെ ഏഴ് കള്ളങ്ങൾ പറഞ്ഞു; ട്രംപിനെതിരെ ആഞ്ഞടിച്ച് ഇറാൻ പാർലമെൻ്റ് സ്പീക്കർ ഖാലിബാഫ്


18, April, 2026
Updated on 18, April, 2026 3


അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഒരു മണിക്കൂറിനുള്ളിൽ ഏഴ് കള്ളങ്ങൾ പറഞ്ഞുവെന്ന് ആരോപിച്ച് ഇറാൻ പാർലമെൻ്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ്. അമേരിക്കൻ ഉപരോധം തുടരുകയാണെങ്കിൽ ഹോർമുസ് കടലിടുക്ക് അടക്കുമെന്ന ഭീഷണി ഇറാൻ ആവർത്തിച്ചു. ഹോർമുസ് കടലിടുക്ക് വ്യാപാരത്തിനായി തുറന്നു കിടക്കുകയാണെന്ന ട്രംപിന്റെ അവകാശവാദത്തെ തള്ളിക്കൊണ്ടാണ് ഇറാന്റെ ഈ നീക്കം.അരിസോണയിൽ നടന്ന ഒരു ചടങ്ങിൽ ട്രംപ് സംസാരിക്കവെയാണ് ഖാലിബാഫ് എക്സിലൂടെ (X) മറുപടിയുമായി രംഗത്തെത്തിയത്. ട്രംപ് പറഞ്ഞ ഏഴ് അവകാശവാദങ്ങളും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ അവ ഏതൊക്കെയാണെന്ന് ഖാലിബാഫ് വ്യക്തമാക്കിയില്ല. ഉപരോധം തുടർന്നാൽ ഹോർമുസ് കടലിടുക്ക് തുറന്നു കൊടുക്കില്ലെന്നും നിശ്ചയിക്കപ്പെട്ട പാതയിലൂടെയുള്ള സഞ്ചാരത്തിന് ഇറാന്റെ മുൻകൂർ അനുമതി ആവശ്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.ഹോർമുസ് കടലിടുക്കിന്റെ പദവിയും അതിലെ നിയന്ത്രണങ്ങളും തീരുമാനിക്കുന്നത് സോഷ്യൽ മീഡിയയിലെ പ്രഖ്യാപനങ്ങളിലൂടെയല്ല, മറിച്ച് നേരിട്ടുള്ള നടപടികളിലൂടെയായിരിക്കുമെന്ന് ഖാലിബാഫ് വ്യക്തമാക്കി.ഇത് കേവലം ഒരു മാധ്യമ യുദ്ധമാണെന്നും ജനവികാരം അനുകൂലമാക്കാനുള്ള തന്ത്രങ്ങളിൽ ഇറാൻ വീഴില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ഉപരോധം തുടരുന്ന സാഹചര്യത്തിൽ നിലപാട് കടുപ്പിക്കുകയാണ് ഇറാൻ.ഇറാന്റെ ആണവ പദ്ധതി അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കാൻ അവർ സമ്മതിച്ചതായി ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാൽ ഇറാൻ ഇത് സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ, ഇറാന്റെ പക്കലുള്ള സംമ്പുഷ്ടീകരിച്ച യൂറേനിയം (Nuclear Dust) അമേരിക്കയ്ക്ക് കൈമാറാൻ അവർ തയ്യാറായെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഇസ്രായേൽ ലെബനനിൽ നടത്തുന്ന ബോംബാക്രമണം നിർത്തുമെന്നും അദ്ദേഹം പറഞ്ഞു.ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുമെന്ന ആദ്യകാല റിപ്പോർട്ടുകളെത്തുടർന്ന് ഓഹരി വിപണിയിൽ മുന്നേറ്റമുണ്ടാകുകയും എണ്ണവിലയിൽ 12 ശതമാനം ഇടിവ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ അബ്ബാസ് അരാഗ്ചിയുടെ പ്രസ്താവന അപ്രതീക്ഷിതമാണെന്നും ഇറാനിയൻ സമൂഹത്തിൽ ഇത് ആശയക്കുഴപ്പമുണ്ടാക്കിയെന്നും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഫാർസ് റിപ്പോർട്ട് ചെയ്തു. അമേരിക്കൻ ഉപരോധവും ഇറാന്റെ ഭീഷണിയും നിലനിൽക്കുന്നതോടെ ഹോർമുസ് കടലിടുക്കിലെ ഗതാഗതം സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്.




Feedback and suggestions