18, April, 2026
Updated on 18, April, 2026 1
വാഷിങ്ടണ്‍: : സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയ്ക്ക് കൈമാറുന്നതിന് സംബന്ധിച്ച് ബുധനാഴ്ചയ്ക്കുള്ളില്‍ കരാറില്‍ എത്തിയില്ലെങ്കില്‍ സൈനിക നടപടികളിലേക്ക് മടങ്ങുമെന്ന് ഇറാന് ട്രംപിന്റെ ഭീഷണി.ബുധനാഴ്ചയ്ക്കുള്ളില്‍ കരാറില്‍ എത്തിയില്ലെങ്കില്‍ ഇറാനുമായുള്ള വെടിനിർത്തല്‍ കരാർ അവസാനിപ്പിക്കുമെന്നും ഇറാന് നേരെ ബോംബാക്രമണം നടത്തുമെന്നുമാണ് അമേരിക്കൻ പ്രസിന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ മുന്നറിയിപ്പ്. അതേസമയം തങ്ങള്‍ക്കുമേല്‍ ഏർപ്പെടുത്തിയ നാവിക ഉപരോധം അമേരിക്ക തുടരുകയാണെങ്കില്‍ അന്താരാഷ്ട്ര എണ്ണവ്യാപാരത്തിന്റെ സുപ്രധാന പാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കുമെന്ന് ഇറാൻ തിരിച്ചടിച്ചു.
ചർച്ചകളില്‍ പുരോഗതിയില്ലാത്ത പക്ഷം ഇറാനില്‍ ബോംബാക്രമണം പുനരാരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ഇറാനും നിലപാട് കടുപ്പിച്ചത്. വെടിനിർത്തല്‍ ചർച്ചകള്‍ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തില്‍ ട്രംപിന്റെ ഭീഷണിയും ഇറാന്‍റെ നിലപാടും ഗള്‍ഫ് മേഖലയില്‍ വീണ്ടും യുദ്ധഭീതി ഉയർത്തിയിരിക്കുകയാണ്. വെടിനിർത്തല്‍ നീട്ടുന്ന കാര്യത്തില്‍ തനിക്ക് ഉറപ്പില്ലെന്നും എന്നാല്‍ ഇറാനിലെ തുറമുഖങ്ങള്‍ക്കുമേലുള്ള നാവിക ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. 'വെടിനിർത്തല്‍ ഒരുപക്ഷേ ഞാൻ നീട്ടില്ല, പക്ഷേ ഉപരോധം നിലനില്‍ക്കും. അതിനാല്‍ നിർഭാഗ്യവശാല്‍ ഞങ്ങള്‍ക്ക് വീണ്ടും ബോംബുകള്‍ വർഷിക്കേണ്ടി വരും'- മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് പറഞ്ഞു.
എന്നാല്‍ ഇറാന്റെ സമുദ്ര അതിർത്തികളില്‍ അമേരിക്കൻ നാവികസേന ഏർപ്പെടുത്തിയിരിക്കുന്ന തടസ്സങ്ങള്‍ നീക്കിയില്ലെങ്കില്‍ കടലിടുക്കിലൂടെയുള്ള എല്ലാ കപ്പല്‍ ഗതാഗതവും തടയുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ലോകത്തെ എണ്ണ കയറ്റുമതിയുടെ മൂന്നിലൊന്നും കടന്നുപോകുന്ന പാത വീണ്ടും അടച്ചാല്‍ കടുത്ത പ്രതിസന്ധിയിലേക്ക് പോകും. തങ്ങളുടെ എണ്ണ കയറ്റുമതി തടയാനാണ് നീക്കമെങ്കില്‍ മറ്റ് രാജ്യങ്ങളെയും ഈ പാത ഉപയോഗിക്കാൻ അനുവദിക്കില്ലെന്നാണ് ഇറാന്റെ നിലപാട്. ഇസ്ലാമാബാദില്‍ വെച്ച് നടന്ന ചർച്ചകള്‍ പരാജയപ്പെട്ടതും, ആണവ കരാറുകള്‍, ഉപരോധം നീക്കല്‍ തുടങ്ങിയ കാര്യങ്ങളിലെ ഭിന്നതകളും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വെടിനിർത്തല്‍ ലംഘനമുണ്ടായാല്‍ വീണ്ടും യുദ്ധം ആരംഭിക്കുമെന്ന ആശങ്കയിലാണ് ഗള്‍ഫ് മേഖല.