21, April, 2026
Updated on 21, April, 2026 4
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണികൾക്ക് വഴങ്ങി സമാധാന ചർച്ചകൾക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. ഭീഷണിപ്പെടുത്തിയും ഉപരോധങ്ങൾ ഏർപ്പെടുത്തിയും ചർച്ചാമേശയെ ‘കീഴടങ്ങൽ മേശ’യാക്കി മാറ്റാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് ഇറാൻ സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബഫ് കുറ്റപ്പെടുത്തി. വെടിനിർത്തൽ ധാരണകൾ ലംഘിച്ച് ഹോർമുസിൽ ഇറാനിയൻ കപ്പലുകൾ പിടിച്ചെടുത്ത അമേരിക്കൻ നടപടിയെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. നാവിക ഉപരോധം പിൻവലിക്കാതെ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തങ്ങൾ തയ്യാറല്ലെന്ന് ഇറാൻ നിലപാട് കടുപ്പിച്ചിരിക്കുകയാണ്.
സമാധാന കരാറിൽ ഒപ്പിട്ടില്ലെങ്കിൽ ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്നും ഉപരോധം തുടരുമെന്നുമാണ് ട്രംപിന്റെ പുതിയ മുന്നറിയിപ്പ്. ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്ക വലിയ വിജയത്തിലേക്ക് നീങ്ങുകയാണെന്നും കരാറിൽ ഏർപ്പെടാൻ തന്റെ മേൽ യാതൊരുവിധ സമ്മർദ്ദവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വെടിനിർത്തൽ കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, സമാധാനം ഉറപ്പാക്കാനുള്ള രണ്ടാംവട്ട ശ്രമങ്ങൾ പാളുന്ന കാഴ്ചയാണ് പശ്ചിമേഷ്യയിൽ കാണുന്നത്.രണ്ടാംവട്ട ചർച്ചകൾക്കായി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇസ്ലാമാബാദിലേക്ക് തിരിച്ചിട്ടുണ്ടെങ്കിലും പ്രതിനിധികളെ അയക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ. ഏപ്രിൽ 22-ന് രണ്ടാഴ്ചത്തെ വെടിനിർത്തൽ അവസാനിക്കാനിരിക്കെ, മേഖലയിൽ സമാധാന അന്തരീക്ഷം വീണ്ടും കലുഷിതമാകുകയാണ്. ഇതിനിടെ, ഇറാനെ അനുനയിപ്പിക്കാനും ചർച്ചകൾ പുനരാരംഭിക്കാനുമുള്ള അന്താരാഷ്ട്ര നയതന്ത്ര നീക്കങ്ങൾ പാകിസ്ഥാൻ കേന്ദ്രീകരിച്ച് സജീവമായി നടക്കുന്നുണ്ട്.