ഇന്ത്യയും ന്യൂസിലൻഡും സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെച്ചു; നിക്ഷേപത്തിലും തൊഴിലിലും വൻ കുതിച്ചുചാട്ടം


28, April, 2026
Updated on 28, April, 2026 3


മാസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിൽ (Free Trade Agreement) ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. വ്യാപാര ബന്ധങ്ങൾ ആഴത്തിലാക്കാനും പുതിയ വിപണികൾ തുറക്കാനും ബിസിനസ്-തൊഴിൽ മേഖലകളിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ കരാർ.ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലും ന്യൂസിലൻഡ് വ്യാപാര മന്ത്രി ടോഡ് മക്ലേയുമാണ് കരാറിൽ ഒപ്പുവെച്ചത്. ഇന്ത്യയുടെ ഏറ്റവും വേഗത്തിൽ പൂർത്തിയായ വ്യാപാര ചർച്ചകളിൽ ഒന്നാണിത്. ഒരു വർഷത്തിനുള്ളിൽ തന്നെ ഇതിന്റെ നടപടികൾ പൂർത്തിയാക്കാൻ ഇരുരാജ്യങ്ങൾക്കും സാധിച്ചു.ന്യൂസിലൻഡ് പാർലമെന്റിന്റെ അംഗീകാരം കൂടി ലഭിക്കുന്നതോടെ കരാർ ഔദ്യോഗികമായി നിലവിൽ വരും. ഇന്ത്യയിലേക്ക് ഏകദേശം 20 ബില്യൺ ഡോളറിന്റെ നിക്ഷേപ വാഗ്ദാനവും ഈ കരാറിന്റെ ഭാഗമായി ലഭിച്ചിട്ടുണ്ട്. ഇത് എംഎസ്എംഇ (MSME) മേഖലയ്ക്കും കയറ്റുമതി രംഗത്തിനും വലിയ കരുത്ത് പകരുമെന്നാണ് വിലയിരുത്തൽ.ഈ കരാറിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം 8,284 ഉൽപ്പന്ന വിഭാഗങ്ങൾക്കുള്ള ഇറക്കുമതി നികുതി (Tariffs) ന്യൂസിലൻഡ് ഒഴിവാക്കി എന്നതാണ്. ഇതിലൂടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ന്യൂസിലൻഡ് വിപണിയിൽ നികുതിരഹിത പ്രവേശനം ലഭിക്കും.ഇന്ത്യൻ കയറ്റുമതിക്കാർക്ക് ഇതൊരു വലിയ നേട്ടമാണ്. ടെക്സ്റ്റൈൽസ്, വസ്ത്രങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, പാദരക്ഷകൾ എന്നീ മേഖലകൾക്ക് ഉടനടി ഇതിന്റെ ഗുണം ലഭിക്കും. കൂടാതെ എഞ്ചിനീയറിംഗ് സാധനങ്ങൾ, ഓട്ടോമൊബൈൽ, ഫാർമസ്യൂട്ടിക്കൽസ്, ഇലക്ട്രോണിക്സ്, കെമിക്കൽസ് എന്നീ മേഖലകളിലും ആവശ്യക്കാർ ഏറും. കാർഷിക മേഖലയിൽ പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങങ്ങൾ, ധാന്യങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയ്ക്കും ന്യൂസിലൻഡ് വിപണിയിൽ മികച്ച സ്വീകാര്യത ലഭിക്കും.ഉൽപ്പന്നങ്ങൾക്ക് പുറമെ സേവന മേഖലയ്ക്കും (Services Sector) ഈ കരാർ വലിയ പ്രാധാന്യം നൽകുന്നുണ്ട്. ഇന്ത്യയുടെ കരുത്തായ ഈ മേഖലയിൽ 118 സേവന വിഭാഗങ്ങളിലാണ് ന്യൂസിലൻഡ് ഇളവുകൾ നൽകിയിട്ടുള്ളത്. ആരോഗ്യ സംരക്ഷണം, വിനോദസഞ്ചാരം, പാരമ്പര്യ വൈദ്യം, ഓഡിയോ വിഷ്വൽ സേവനങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതിലൂടെ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് ന്യൂസിലൻഡിൽ ജോലി ചെയ്യാനും ബിസിനസ് വ്യാപിപ്പിക്കാനും കൂടുതൽ അവസരങ്ങൾ ലഭിക്കും.നിക്ഷേപ രംഗത്ത് 20 ബില്യൺ ഡോളറിന്റെ ദീർഘകാല നിക്ഷേപമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. വിദ്യാർത്ഥികൾക്കും നൈപുണ്യമുള്ള തൊഴിലാളികൾക്കും ന്യൂസിലൻഡിലേക്കുള്ള പ്രവേശനം എളുപ്പമാക്കാനും ഇതിൽ വ്യവസ്ഥയുണ്ട്.കരാർ ഒപ്പിടുന്നതിന് മുൻപ് തന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിൽ വലിയ മാറ്റങ്ങൾ പ്രകടമായിരുന്നു. ഇന്ത്യയുടെ കയറ്റുമതി മൂല്യവർദ്ധിത ഉൽപ്പന്നങ്ങളിലേക്ക് (Higher-value products) മാറിക്കൊണ്ടിരിക്കുകയാണ്. ഫാർമസ്യൂട്ടിക്കൽസ്, യാത്രാ വാഹനങ്ങൾ, ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് ന്യൂസിലൻഡിൽ വലിയ പ്രാധാന്യം ലഭിക്കുന്നുണ്ട്. അതേസമയം, ന്യൂസിലൻഡിൽ നിന്ന് അസംസ്കൃത വസ്തുക്കളായ മരത്തടികൾ, സ്ക്രാപ്പ് മെറ്റലുകൾ, കൽക്കരി എന്നിവയാണ് ഇന്ത്യ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത്.




Feedback and suggestions