30, April, 2026
Updated on 30, April, 2026 1
വാഷിംഗ്ടണ്‍ : ഇറാനെതിരായ സൈനിക നടപടികള്‍ക്കായി മൂന്ന് പുതിയ പദ്ധതികളുമായി യുഎസ് സൈന്യം. അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മുൻപില്‍ ഈ പദ്ധതികള്‍ സൈന്യം അവതരിപ്പിച്ചിട്ടുണ്ട്.ഇറാനുമായുള്ള ചർച്ചകള്‍ വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തിലും മേഖലയിലെ സംഘർഷങ്ങള്‍ വർദ്ധിക്കുന്ന പശ്ചാത്തലത്തിലുമാണ് ഈ നീക്കം. യുഎസ് സെൻട്രല്‍ കമാൻഡ് തലവൻ അഡ്മിറല്‍ ബ്രാഡ് കൂപ്പർ, പ്രസിഡന്റ് ട്രംപിന് വ്യാഴാഴ്ച ഇതുസംബന്ധിച്ച വിശദമായ ബ്രീഫിംഗ് നല്‍കുമെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇറാന്റെ സൈനിക, സാമ്പത്തിക അടിത്തറ തകർക്കുന്ന രീതിയിലുള്ള ഹ്രസ്വവും എന്നാല്‍ അതിശക്തവുമായ വ്യോമാക്രമണമാണ് ആദ്യത്തെ പദ്ധതി. ഇറാന്റെ ഊർജ്ജ നിലയങ്ങള്‍, പാലങ്ങള്‍, മറ്റ് പ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ലക്ഷ്യമിട്ടുള്ള ഈ ആക്രമണത്തിലൂടെ ഇറാനെ ചർച്ചാ മേശയിലേക്ക് തിരികെ കൊണ്ടുവരാമെന്നും ആണവ വിഷയത്തില്‍ ഇളവുകള്‍ വരുത്തിക്കാമെന്നുമാണ് യുഎസ് കണക്കുകൂട്ടുന്നത്. ആഗോള എണ്ണ വിതരണത്തിന്റെ നിർണ്ണായക പാതയായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുക എന്നുള്ളതാണ് രണ്ടാമത്തെ പദ്ധതി. കരസേനയെ ഉള്‍പ്പെടെ വിന്യസിച്ചുകൊണ്ടുള്ള ഒരു നീക്കത്തിനാണ് അമേരിക്കൻ സൈന്യം പദ്ധതിയിടുന്നത്.
ആണവ ശേഖരം പിടിച്ചെടുക്കാനുള്ള കമാൻഡോ ഓപ്പറേഷൻ യുഎസ് സൈന്യം തയ്യാറാക്കിയിരിക്കുന്ന മൂന്നാമത്തെ പദ്ധതി. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം സുരക്ഷിതമാക്കാൻ ലക്ഷ്യമിട്ടുള്ള രഹസ്യനീയമാണ് ഇത് എന്ന് യുഎസ് സൈന്യം സൂചിപ്പിക്കുന്നു. ഈ പദ്ധതികള്‍ക്ക് പുറമെ, ഇറാന്റെ ഉള്‍പ്രദേശങ്ങളിലെ മിസൈല്‍ ലോഞ്ചറുകളെ തകർക്കാൻ ശേഷിയുള്ള അമേരിക്കയുടെ ഏറ്റവും പുതിയ ഹൈപ്പർസോണിക് മിസൈല്‍ സംവിധാനമായ 'ഡാർക്ക് ഈഗിള്‍' മിഡില്‍ ഈസ്റ്റിലേക്ക് അയക്കാൻ സെൻട്രല്‍ കമാൻഡ് അനുമതി തേടിയിട്ടുണ്ട്.