ന്യൂനപക്ഷ ഏകീകരണത്തിൽ സിപിഎമ്മിന് ആശങ്ക, 50 മണ്ഡലങ്ങളിൽ തിരിച്ചടിക്ക് സാധ്യതയെന്ന് വിലയിരുത്തൽ


2, May, 2026
Updated on 2, May, 2026 2


തിരുവനന്തപുരം: സംസ്ഥാനത്തെ അൻപതിലേറെ മണ്ഡലങ്ങളിൽ ശക്തമായ ന്യൂനപക്ഷ വോട്ട് ഏകീകരണം നടന്നതായി സിപിഎം സംസ്ഥാന സമിതിയുടെ പ്രാഥമിക വിലയിരുത്തൽ. ന്യൂനപക്ഷ വോട്ടുകൾ വലിയ തോതിൽ യുഡിഎഫിലേക്ക് കേന്ദ്രീകരിച്ചത് തിരിച്ചടിയായേക്കുമെന്ന എക്സിറ്റ് പോൾ ഫലങ്ങളുമായി യോജിക്കുന്നതാണ് പാർട്ടിയുടെ ഈ ആഭ്യന്തര വിലയിരുത്തൽ. എന്നാൽ, എക്സിറ്റ് പോൾ ഫലങ്ങൾ അനുകൂലമായാലും പ്രതികൂലമായാലും ഭരണത്തുടർച്ചയുണ്ടാകുമെന്ന ആത്മവിശ്വാസം പാർട്ടി നേതൃത്വം കൈവിടുന്നില്ല.


ന്യൂനപക്ഷ വോട്ടുകൾ യുഡിഎഫിലേക്ക് കേന്ദ്രീകരിച്ച മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളുടെ വ്യക്തിപരമായ സ്വാധീനവും പ്രാദേശിക ബന്ധങ്ങളും കൊണ്ട് മാത്രമേ വിജയമുറപ്പിക്കാൻ കഴിയൂ എന്ന് പാർട്ടി കണക്കുകൂട്ടുന്നു. വടക്കൻ കേരളത്തിലെ പല മണ്ഡലങ്ങളിലും പോരാട്ടം അതിശക്തമാണെങ്കിലും ജയിച്ചുകയറാനാകുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. അതേസമയം, ഭൂരിപക്ഷ സമുദായ വോട്ടുകൾ പാർട്ടിക്ക് അനുകൂലമായി നിലനിൽക്കുന്നുണ്ടെന്നും ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ലെന്നും സിപിഎം വിലയിരുത്തുന്നു.സംസ്ഥാനത്ത് ബിജെപിയുടെ വോട്ട് വിഹിതം 12 ശതമാനത്തിലേക്ക് വർധിച്ചത് തങ്ങൾക്ക് ഗുണകരമാകുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. ബിജെപി പിടിക്കുന്ന വോട്ടുകൾ പലയിടത്തും യുഡിഎഫിന്റെ വിജയസാധ്യതയെ ബാധിക്കുമെന്നും ഇത് എൽഡിഎഫിന് ഭരണത്തുടർച്ച ഉറപ്പാക്കുമെന്നും നേതാക്കൾ വിശ്വസിക്കുന്നു.എക്സിറ്റ് പോൾ ഫലങ്ങൾ യുഡിഎഫിന് നേരിയ ഭൂരിപക്ഷം പ്രവചിക്കുമ്പോഴും അത് ഇടതുമുന്നണിക്ക് അനുകൂലമായ സൂചനയാണെന്നാണ് സിപിഎം ഔദ്യോഗികമായി വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം പ്രകടമല്ലെന്നത് വിജയപ്രതീക്ഷ വർധിപ്പിക്കുന്നു. അടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയൻ വരണമെന്നാണ് കൂടുതൽ പേരും ആഗ്രഹിക്കുന്നതെന്ന സർവേ ഫലങ്ങൾ പാർട്ടിക്ക് വലിയ ആത്മവിശ്വാസം നൽകുന്നു.പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ ‘എക്സിറ്റ്’ അല്ലെന്നും ഇടതുമുന്നണി കേരളത്തിൽ ‘ഇൻ’ ആകുമെന്നുമാണ് നേതാക്കളുടെ ഉറച്ച പ്രഖ്യാപനം. സുരക്ഷിതമായ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് ഇടത് കേന്ദ്രങ്ങൾ.




Feedback and suggestions