അൽപ്പം ആശ്വാസം കൊണ്ട് വരാൻ ട്രംപ്; ഇന്ധന നികുതി ഒഴിവാക്കാൻ പ്രസിഡന്റ്, വിലക്കയറ്റം പിടിച്ചുനിർത്താൻ പുതിയ നീക്കം


12, May, 2026
Updated on 12, May, 2026 2


വാഷിം​ഗ്ടൺ: അമേരിക്കയിൽ കുതിച്ചുയരുന്ന ഇന്ധനവില നിയന്ത്രിക്കുന്നതിനായി ഫെഡറൽ ഗ്യാസ് ടാക്സ് താത്കാലികമായി നിർത്തലാക്കാൻ ആഗ്രഹിക്കുന്നതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് തിങ്കളാഴ്ച അറിയിച്ചു. സി.ബി.എസ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധത്തെത്തുടർന്ന് വർദ്ധിച്ച ഇന്ധനവില കുറയ്ക്കുന്നതിനുള്ള ഈ നിർദ്ദേശം അദ്ദേഹം മുന്നോട്ടുവെച്ചത്.

നിശ്ചിത കാലയളവിലേക്ക് നികുതി പൂർണ്ണമായും ഒഴിവാക്കണമെന്നും, യുദ്ധം മൂലം വർദ്ധിച്ച എണ്ണവില സാധാരണ നിലയിലാകുമ്പോൾ ഘട്ടം ഘട്ടമായി നികുതി പുനഃസ്ഥാപിക്കാമെന്നുമാണ് ട്രംപിന്റെ പദ്ധതി.


“നമ്മൾ നിശ്ചിത കാലത്തേക്ക് ഗ്യാസ് ടാക്സ് ഒഴിവാക്കാൻ പോകുകയാണ്. വില കുറയുമ്പോൾ അത് തിരികെ കൊണ്ടുവരും,” അദ്ദേഹം പറഞ്ഞു.

നിലവിൽ ഒരു ഗാലൻ പെട്രോളിന് 18.4 സെന്റും ഡീസലിന് 24.4 സെന്റുമാണ് ഫെഡറൽ നികുതിയായി ഈടാക്കുന്നത്. നികുതി ഒഴിവാക്കണമെങ്കിൽ അമേരിക്കൻ കോൺഗ്രസിന്റെ അംഗീകാരം അത്യാവശ്യമാണ്. മുൻപ് പലപ്പോഴും ഇന്ധനവില വർദ്ധിച്ച സാഹചര്യത്തിൽ സമാനമായ ആവശ്യങ്ങൾ ഉയർന്നിരുന്നെങ്കിലും കോൺഗ്രസ് ഇതിന് അനുകൂലമായ നിലപാടല്ല സ്വീകരിച്ചിരുന്നത്.


ഇറാനുമായുള്ള സംഘർഷം ആഗോള എണ്ണ വിപണിയെ സാരമായി ബാധിച്ചതും ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നതും അമേരിക്കയിലെ ഇന്ധനവില വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. ഈ നീക്കം നടപ്പിലായാൽ സാധാരണക്കാർക്ക് വലിയ ആശ്വാസമാകുമെങ്കിലും, റോഡ് വികസനത്തിനും മറ്റും ഉപയോഗിക്കുന്ന ‘ഹൈവേ ട്രസ്റ്റ് ഫണ്ടിനെ’ ഇത് ബാധിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. അമേരിക്കൻ കോൺഗ്രസ് ഈ നിർദ്ദേശത്തോട് എങ്ങനെ പ്രതികരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും പദ്ധതിയുടെ ഭാവി.




Feedback and suggestions