പെട്രോളിനും ഡീസലിനും 3 രൂപ വീതം കൂടി; തിരുവനന്തപുരത്ത് പെട്രോൾ വില 110 കടന്നു


15, May, 2026
Updated on 15, May, 2026 4


പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില വർദ്ധിച്ചതോടെ രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ വൻ വർദ്ധനവ്. വെള്ളിയാഴ്ച മുതൽ പെട്രോളിനും ഡീസലിനും ലിറ്ററിന് 3 രൂപ വീതമാണ് വർദ്ധിപ്പിച്ചത്. ഇതോടെ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇന്ധനവില റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നു.പുതുക്കിയ നിരക്ക് പ്രകാരം തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 110.25 രൂപയും ഡീസലിന് 99.63 രൂപയുമായി. സംസ്ഥാനത്തെ മറ്റ് പ്രധാന നഗരങ്ങളിലും സമാനമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ദീർഘനാളായി മാറ്റമില്ലാതെ തുടർന്ന ഇന്ധനവിലയിൽ പെട്ടെന്നുണ്ടായ ഈ വർദ്ധനവ് സാധാരണക്കാരുടെ ബജറ്റിനെ സാരമായി ബാധിക്കും.ദേശീയ തലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ വില ലിറ്ററിന് 94.77 രൂപയിൽ നിന്ന് 97.77 രൂപയായും ഡീസൽ വില 87.67 രൂപയിൽ നിന്ന് 90.67 രൂപയായും ഉയർന്നു. മറ്റ് മെട്രോ നഗരങ്ങളിലെ പുതുക്കിയ പെട്രോൾ വില താഴെ പറയുന്നവയാണ്.കൊൽക്കത്ത: 108.74, മുംബൈ 106.68, ചെന്നൈ 103.67,ഡീസൽ വില കൊൽക്കത്തയിൽ ലിറ്ററിന് 95.13 രൂപയായും മുംബൈയിൽ 93.14 രൂപയായും ചെന്നൈയിൽ 95.25 രൂപയായും വർദ്ധിച്ചു.വില കൂടുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ വ്യാഴാഴ്ച രാത്രി മുതൽ തന്നെ രാജ്യത്തെ പെട്രോൾ പമ്പുകളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പലയിടങ്ങളിലും ഇന്ധനം തീർന്നതിനെത്തുടർന്ന് "നോ സ്റ്റോക്ക്" ബോർഡുകൾ സ്ഥാപിച്ചു. വരും ദിവസങ്ങളിൽ വില ലിറ്ററിന് 5 മുതൽ 20 രൂപ വരെ വർദ്ധിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ പരന്നതോടെ പലരും ടാങ്കുകൾ പൂർണ്ണമായും നിറയ്ക്കാനാണ് പമ്പുകളിലെത്തിയത്.ഡൽഹി-എൻസിആർ, ഉത്തർപ്രദേശ്, ഗുജറാത്ത്, ഒഡീഷ, ബിഹാർ എന്നിവിടങ്ങളിൽ നടത്തിയ ഗ്രൗണ്ട് റിപ്പോർട്ടുകളിൽ ഇന്ധന വിതരണ കേന്ദ്രങ്ങളിൽ അസാധാരണമായ തിരക്കാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയിലെ അനിശ്ചിതത്വം തുടരുകയാണെങ്കിൽ വരും ദിവസങ്ങളിലും വില വർദ്ധനവിന് സാധ്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.




Feedback and suggestions