15, May, 2026
Updated on 15, May, 2026 0
ന്യൂഡൽഹി : നീറ്റ് പരീക്ഷയിൽ വമ്പൻ മാറ്റത്തിന് ഒരുങ്ങി കേന്ദ്ര സർക്കാർ. അടുത്ത വർഷം മുതൽ നീറ്റ് പരീക്ഷ പൂർണ്ണമായും കംപ്യൂട്ടർ അധിഷ്ഠിതമായിരിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ആണ് ഈ നിർണായക പ്രഖ്യാപനം നടത്തിയത്. ചോദ്യപേപ്പർ ചോർച്ചയും മറ്റ് ക്രമക്കേടുകളും ആവർത്തിക്കുന്നത് തടയാനാണ് കേന്ദ്ര സർക്കാരിന്റെ ഈ നീക്കം. വിദ്യാഭ്യാസ മന്ത്രാലയം നിയോഗിച്ച ഐഎസ്ആർഒ മുൻ മേധാവി കെ. രാധാകൃഷ്ണൻ കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ പരിഗണിച്ചാണ് ഈ തീരുമാനം.
നിലവിലുള്ള പെൻ-ആൻഡ്-പേപ്പർ രീതിയിൽ ചോദ്യപേപ്പർ അച്ചടിച്ച് വിവിധ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത് വലിയ സുരക്ഷാ വെല്ലുവിളിയാണ് എന്നുള്ളതിനാലാണ് അടുത്ത വർഷം മുതൽ നീറ്റ് പരീക്ഷ പൂർണമായും കമ്പ്യൂട്ടർ അധിഷ്ഠിതമായി നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഡിജിറ്റൽ രീതിയിലേക്ക് മാറുന്നതോടെ ചോദ്യപേപ്പർ ചോർച്ചയ്ക്കുള്ള സാധ്യത ഇല്ലാതാകും. കൂടാതെ ഒഎംആർ ഷീറ്റുകൾ മൂല്യനിർണ്ണയം നടത്തുന്നതിനേക്കാൾ വേഗത്തിൽ ഫലം പ്രഖ്യാപിക്കാൻ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ സഹായിക്കും. ഒഎംആർ ഷീറ്റുകളിൽ മാർക്ക് ചെയ്യുന്നതിലുണ്ടാകുന്ന പിഴവുകൾ ഒഴിവാക്കി കൃത്യമായ ഫലം ഉറപ്പുവരുത്താനും ഈ രീതി സഹായിക്കുന്നതാണ്.
ഇതോടൊപ്പം, 25 ലക്ഷത്തിലധികം വിദ്യാർത്ഥികൾ എഴുതുന്ന പരീക്ഷ ഒരേസമയം കംപ്യൂട്ടറിൽ നടത്തുന്നത് വലിയ അടിസ്ഥാന സൗകര്യങ്ങൾ ആവശ്യപ്പെടുന്ന ഒന്നാണ് എന്നുള്ളതും കേന്ദ്രസർക്കാർ കണക്കിലെടുക്കുന്നുണ്ട്. അതിനാൽ തന്നെ പൂർണ്ണമായും ഓൺലൈനാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ മറികടക്കാൻ ഒരു 'ഹൈബ്രിഡ് മോഡൽ' സർക്കാർ പരിശോധിക്കുന്നുണ്ട്. ഈ രീതിയിൽ ചോദ്യങ്ങൾ കംപ്യൂട്ടർ സ്ക്രീനിൽ തെളിയും, എന്നാൽ ഉത്തരങ്ങൾ ഒഎംആർ ഷീറ്റിൽ രേഖപ്പെടുത്തണം. പരീക്ഷാ കേന്ദ്രങ്ങളിൽ വെച്ച് മാത്രം ചോദ്യങ്ങൾ ഡിജിറ്റലായി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുന്ന രീതിയും ആലോചനയിലുണ്ട്. അടുത്ത വർഷത്തെ പരീക്ഷാ വിജ്ഞാപനം പുറത്തിറങ്ങുമ്പോൾ ഈ മാറ്റങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ എൻടിഎ (NTA) പുറത്തുവിടും. ജെഇഇ (JEE), സിയുഇടി (CUET) പരീക്ഷകളുടെ മാതൃകയിലായിരിക്കും നീറ്റും ഇനി മുതൽ നടക്കുക.