22, June, 2026
Updated on 22, June, 2026 4
സ്വിറ്റ്സർലൻഡിൽ അമേരിക്കൻ, ഇറാനിയൻ ഉദ്യോഗസ്ഥർ തമ്മിൽ നിർണ്ണായകമായ ഉന്നതതല ചർച്ചകൾക്കായി ഒത്തുകൂടിയ ഞായറാഴ്ച തന്നെ, ടെഹ്റാനെതിരെ കടുത്ത ഭീഷണികളുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ലെബനനിലെ ഹിസ്ബുള്ളയെ ഇറാൻ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട ട്രംപ്, പുതിയ സൈനിക ആക്രമണങ്ങൾ നടത്തുമെന്നും തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്ക് അടച്ചുപൂട്ടാൻ ശ്രമിച്ചാൽ ഇറാൻ എന്നെന്നേക്കുമായി ഇല്ലാതാക്കുമെന്നും മുന്നറിയിപ്പ് നൽകി.
ലെബനനിലെ ഇസ്രായേൽ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹോർമൂസ് കടലിടുക്ക് അടക്കുമെന്ന ഇറാന്റെ ഭീഷണിക്കുള്ള നേരിട്ടുള്ള മറുപടിയായാണ് യുഎസ് പ്രസിഡന്റിന്റെ ഈ പ്രസ്താവന. ഈ സുപ്രധാന കപ്പൽപ്പാതയിൽ ഏതെങ്കിലും തരത്തിലുള്ള ഉപരോധം ഏർപ്പെടുത്താൻ ശ്രമിച്ചാൽ രാജ്യം കടുത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.നിങ്ങൾ അത് അടച്ചുപൂട്ടിയാൽ പിന്നെ നിങ്ങൾക്ക് ഒരു രാജ്യം കാണില്ല എന്നാണ് ലോകത്തിലെ എണ്ണക്കയറ്റുമതിയുടെ വലിയൊരു പങ്കും കടന്നുപോകുന്ന തന്ത്രപ്രധാനമായ ജലപാതയെക്കുറിച്ച് സംസാരിക്കവെ ട്രംപ് പറഞ്ഞത്.നിങ്ങൾക്ക് നിങ്ങളുടെ സ്വന്തം രാജ്യത്തേക്ക് തിരികെ പോകാൻ പോലും സാധിക്കില്ലെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്ത പ്രകാരം ട്രംപ് ആക്രോശിച്ചു.ചർച്ചകൾ പരാജയപ്പെടുകയാണെങ്കിൽ കടലിടുക്കിൻ്റെ നേരിട്ടുള്ള നിയന്ത്രണം വാഷിംഗ്ടൺ ഏറ്റെടുക്കുമെന്നും ട്രംപ് പിന്നീട് അവകാശപ്പെട്ടു. ആവശ്യമായി വന്നാൽ ഞങ്ങൾ ഹോർമൂസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്തേക്കാം. അവർ ഒരു കരാറിന് തയ്യാറായില്ലെങ്കിൽ ഞങ്ങൾ അവിടെ ടോൾ പിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. ഇത്തരമൊരു സംവിധാനം വന്നാൽ ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് അവയിലെ എണ്ണച്ചരക്കുകളുടെ മൂല്യത്തിന്റെ 20 ശതമാനം ടോളായി ഈടാക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
പടിഞ്ഞാറൻ ഏഷ്യയിലെ കപ്പൽപ്പാതകളുടെ സംരക്ഷണത്തിനും സുരക്ഷ നിലനിർത്തുന്നതിനുമായി അമേരിക്ക ചിലവഴിച്ച കോടിക്കണക്കിന് ഡോളറിനുള്ള നഷ്ടപരിഹാരമായിരിക്കും ഈ ടോൾ എന്ന് അദ്ദേഹം വാദിച്ചു. പടിഞ്ഞാറൻ ഏഷ്യയിലെ രാജ്യങ്ങളുടെ കാവൽ മാലാഖ (ഗാർഡിയൻ എയ്ഞ്ചൽ) ആയാണ് യുഎസ് സൈന്യത്തെ ട്രംപ് ചിത്രീകരിച്ചത്. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ പാതകളിലൊന്ന് സംരക്ഷിക്കുന്നതിന് വാഷിംഗ്ടണിന് കൃത്യമായ പ്രതിഫലം ലഭിക്കാൻ അർഹതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സമാധാന കരാറിന് കീഴിൽ യുഎസും ഇറാനും ചർച്ചകൾ ആരംഭിച്ചു
ഇസ്ലാമാബാദ് ധാരണാപത്രത്തിൻ്റെ (MoU) കീഴിലുള്ള ചർച്ചകളുടെ ഒന്നാം ഘട്ടത്തിനായി സ്വിറ്റ്സർലൻഡിലെ ബുർഗൻസ്റ്റോക്ക് റിസോർട്ടിൽ യുഎസ്-ഇറാൻ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തുന്നതിനിടയിലാണ് യുഎസ് പ്രസിഡന്റിന്റെ ഈ കടുത്ത മുന്നറിയിപ്പുകൾ വന്നത്. യുഎസ് പ്രതിനിധി സംഘത്തെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് നയിച്ചപ്പോൾ പ്രത്യേക പ്രതിനിധികളായ ജാരെഡ് കുഷ്നർ, സ്റ്റീവ് വിറ്റ്കോഫ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.ഇറാൻ്റെ ഭാഗത്തുനിന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയും മുഖാമുഖം ചർച്ച നടത്തുന്ന മുഹമ്മദ് ബഖർ ഖാലിബാഫുമാണ് പങ്കെടുത്തത്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഫീൽഡ് മാർഷൽ ആസിം മുനീർ, ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ ഥാനി എന്നിവരും ഈ ചതുർകക്ഷി ചർച്ചകളുടെ ഭാഗമായിരുന്നു.
വാഷിംഗ്ടണിലിരുന്ന് ട്രംപ് കടുത്ത ശത്രുതാപരമായ നിലപാട് സ്വീകരിച്ചപ്പോൾ, സ്വിറ്റ്സർലൻഡിലെ ചർച്ചാ മേശയിലിരുന്ന വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ശുഭപ്രതീക്ഷ പ്രകടിപ്പിക്കാനാണ് ശ്രമിച്ചത്. ലെബനനിലെ വെടിനിർത്തൽ നിലനിർത്തുന്ന കാര്യത്തിൽ പുരോഗതിയുണ്ടായതായി പറഞ്ഞ അദ്ദേഹം, ഇറാനിലെ ജനങ്ങളുമായുള്ള ബന്ധം പുനർനിർമ്മിക്കുക എന്ന ട്രംപിൻ്റെ പ്രഖ്യാപിത ലക്ഷ്യം ആവർത്തിച്ചു.
ഇറാൻ്റെ ജനങ്ങളുമായുള്ള നമ്മുടെ ബന്ധം മാറ്റിയെടുക്കാൻ ഒരു പുതിയ അധ്യായം കുറിക്കാനാണ് പ്രസിഡന്റ് ഞങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത് എന്ന് ചർച്ചകൾക്ക് ശേഷം വാൻസ് പറഞ്ഞു. ലെബനനിലെ ശത്രുത അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾ ഇപ്പോഴും സങ്കീർണ്ണമായി തുടരുകയാണെന്ന് അദ്ദേഹം സമ്മതിച്ചു. ഇത്തരം കാര്യങ്ങൾ എപ്പോഴും അല്പം സങ്കീർണ്ണമായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.