25, June, 2026
Updated on 25, June, 2026 5
വെനിസ്വേലയിൽ ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി അതിശക്തമായ ഇരട്ട ഭൂചലനം. വ്യാഴാഴ്ച പുലർച്ചെയുണ്ടായ (ഇന്ത്യൻ സമയം) ഈ ശക്തമായ ഭൂകമ്പങ്ങളിൽ തലസ്ഥാന നഗരമായ കാരക്കാസിൽ വ്യാപകമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. നിരവധി കെട്ടിടങ്ങൾ തകരുകയും ഭിത്തികൾ ഇടിഞ്ഞുവീഴുകയും ചെയ്തതായി അന്താരാഷ്ട്ര നിരീക്ഷണ ഏജൻസികളും ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു.
യുഎസ് ജിയോളജിക്കൽ സർവേയുടെ (USGS) കണക്കുകൾ പ്രകാരം ആദ്യത്തെ ഭൂചലനം റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി. വെനിസ്വേലയുടെ കരീബിയൻ തീരദേശ മേഖലയായ മോറോണിന് പടിഞ്ഞാറ് ഭാഗത്തായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. കാരക്കാസിൽ നിന്നും ഏകദേശം 168 കിലോമീറ്റർ പടിഞ്ഞാറുമാറി ഭൂമിക്കടിയിൽ 13 കിലോമീറ്റർ ആഴത്തിലാണ് ഇത് സംഭവിച്ചത്.ആദ്യ ഭൂചലനം ഉണ്ടായി കൃത്യം 39 സെക്കൻഡുകൾക്കുള്ളിൽ ഇതേ പ്രദേശത്ത് അതിനേക്കാൾ ശക്തമായ രണ്ടാമത്തെ ഭൂചലനവും അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഈ രണ്ടാമത്തെ ചലനം ഭൂമിക്കടിയിൽ 10 കിലോമീറ്റർ ആഴത്തിലാണ് ഉണ്ടായത്. മോറോണിന് തെക്കുപടിഞ്ഞാറ് 16 കിലോമീറ്റർ മാറിയായിരുന്നു ഇതിൻ്റെ പ്രഭവകേന്ദ്രം. തുടർച്ചയായുണ്ടായ ഈ ഇരട്ട ഭൂചലനം ദുരന്തത്തിന്റെ ആഘാതം ഇരട്ടിയാക്കി.ഭൂകമ്പത്തെത്തുടർന്ന് യുഎസ് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം പ്യൂർട്ടോ റിക്കോ, വിർജിൻ ദ്വീപുകൾ എന്നിവിടങ്ങളിൽ സുനാമി ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. എന്നാൽ കടലിൽ വലിയ വ്യതിയാനങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പായതോടെ ഈ മുന്നറിയിപ്പുകൾ പിന്നീട് പിൻവലിച്ചു.ഭൂചലനത്തെത്തുടർന്ന് കാരക്കാസ് നഗരത്തിലെ വലിയ കെട്ടിടങ്ങൾ ശക്തമായി കുലുങ്ങിയതോടെ ജനങ്ങൾ കൂട്ടത്തോടെ തെരുവുകളിലേക്ക് ഓടിയിറങ്ങി. പല വീടുകളുടെയും സ്ഥാപനങ്ങളുടെയും ചുവരുകൾ തകർന്നുവീണു. ഇന്റർനാഷണൽ എയർപോർട്ടിൽ വലിയ രീതിയിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായതായും മേൽക്കൂര അവശിഷ്ടങ്ങൾ താഴേക്ക് പതിച്ചതിനെത്തുടർന്ന് യാത്രക്കാർ പരിഭ്രാന്തരായി ഓടുന്നതായും ദൃശ്യങ്ങൾ പുറത്തുവന്നു. നഗരത്തിലുടനീളം തകർന്ന കെട്ടിടങ്ങളിൽ നിന്നുള്ള പൊടിപടലങ്ങൾ ഉയർന്നത് ആശങ്ക വർദ്ധിപ്പിച്ചു.രാജ്യത്തെ പല സംസ്ഥാനങ്ങളിലും ഭൂചലനം ശക്തമായി അനുഭവപ്പെട്ടതായി ആഭ്യന്തര മന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ അറിയിച്ചു. കാരക്കാസിലെ അൽതാമിറ ജില്ലയിൽ ഉൾപ്പെടെ നിരവധി കെട്ടിടങ്ങൾ തകർന്ന നിലയിലാണ്. ശക്തമായ തുടർചലനങ്ങൾക്ക് (Aftershocks) സാധ്യതയുള്ളതിനാൽ തകർന്ന കെട്ടിടങ്ങളിൽ നിന്നും മാറി തുറസ്സായ സ്ഥലങ്ങളിൽ തന്നെ തുടരാൻ അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും നിരവധിപ്പേർക്ക് പരിക്കേൽക്കാൻ സാധ്യതയുണ്ടെന്നും ആംബുലൻസുകൾക്ക് കടന്നുപോകാൻ അടിയന്തിര പാതകൾ ഒരുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കുട്ടികളുടെയും പ്രായമായവരുടെയും സുരക്ഷ ഉറപ്പാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആഭ്യന്തര മന്ത്രി കൂട്ടിച്ചേർത്തു.വെനിസ്വേലയിലെ ഭൂകമ്പത്തിന് പിന്നാലെ ജപ്പാനിലെ ഹോൺഷു കിഴക്കൻ തീരത്തും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് വ്യാഴാഴ്ച ജപ്പാന്റെ വടക്കുകിഴക്കൻ മേഖലകളിൽ അനുഭവപ്പെട്ടത്. എന്നാൽ ഇവിടെ സുനാമി മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.ജപ്പാൻ മെറ്റീരിയോളജിക്കൽ ഏജൻസിയുടെ (JMA) കണക്കുകൾ പ്രകാരം ഇവാത്തെ പ്രവിശ്യയുടെ തീരക്കടലിൽ 50 കിലോമീറ്റർ ആഴത്തിലായിരുന്നു ഈ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. അയോമോരി പ്രവിശ്യയിലാണ് ഭൂചലനം ഏറ്റവും ശക്തമായി അനുഭവപ്പെട്ടത്. ജപ്പാന്റെ പ്രത്യേക ഭൂകമ്പ തീവ്രത അളക്കുന്ന സ്കെയിലിൽ 'അപ്പർ 6' തീവ്രതയാണ് ഇവിടെ രേഖപ്പെടുത്തിയത്. മനുഷ്യർക്ക് നേരെ നിൽക്കാൻ പോലും സാധിക്കാത്തത്ര ശക്തമായ ചലനങ്ങളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്.
ഭൂചലനത്തിന് പിന്നാലെ മേഖലയിലെ ആണവനിലയങ്ങളിൽ അടിയന്തിര പരിശോധനകൾ നടത്തി. നിലവിൽ പ്രവർത്തനരഹിതമായി കിടക്കുന്ന ഹിഗാഷിദോരി ആണവനിലയത്തിലും ഒനാഗാവ ആണവനിലയത്തിലും യാതൊരുവിധ തകരാറുകളും കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും വരും ദിവസങ്ങളിൽ തുടർചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ ജപ്പാൻ ഭരണകൂടം ജനങ്ങൾക്ക് നിർദ്ദേശം നൽകി.