പ്രശസ്ത പിന്നണി ഗായിക എസ്.ജാനകി അന്തരിച്ചു. മൈസൂരുവിലായിരുന്നു അന്ത്യം. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ 1938 ഏപ്രിൽ 23നായിരുന്നു ജാനകിയുടെ ജനനം. കുട്ടിക്കാലംമുതലേ സംഗീതവാസനയുണ്ടായിരുന്നെങ്കിലും ശാസ്ത്രീയമായി സംഗീതം പഠിക്കണമെന്ന മോഹം നടക്കാതെപോയി. 1956ൽ ആകാശവാണി നടത്തിയ അഖിലേന്ത്യാ സംഗീതമത്സരത്തിൽ ലഭിച്ച രണ്ടാംസ്ഥാനമാണ് ജാനകിയുടെ സംഗീതജീവിതത്തിനു ആരംഭം കുറിച്ചത്.
‘വിധിയിൻ വിളയാട്ട്’ എന്ന തമിഴ് ചിത്രത്തിൽ പാടിയായിരുന്നു ചലച്ചിത്ര സംഗീതലോകത്തേക്കുള്ള കടന്നുവരവ്. 1957ൽ പുറത്തിറങ്ങിയ ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്ന ചിത്രത്തിലെ ‘ഇരുൾ മൂടുകയോ എൻ വഴിയിൽ’ എന്ന ഗാനമാണ് മലയാളത്തിൽ ആദ്യമായി പാടിയത്. എന്നാൽ ‘കൊഞ്ചും ചിലങ്കൈ’ എന്ന തമിഴ്ചിത്രത്തിൽ പാടിയ ‘ശിങ്കാര വേലനെ ദേവ’ എന്ന പാട്ടോടുകൂടിയാണ് തെന്നിന്ത്യയുടെ താരഗായികയായി ജാനകിയമ്മ മാറിയത്.