4, October, 2026
Updated on 4, October, 2026 7
ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെ ചൊല്ലി കോൺഗ്രസും സമാജ്‌വാദി പാർട്ടിയും തമ്മിൽ പരസ്യ പോരുമുറ്റുന്നതിനിടെ നിലപാട് വ്യക്തമാക്കി അഖിലേഷ് യാദവ്. സഖ്യത്തിൽ എത്ര സീറ്റുകൾ വീതം ലഭിക്കുന്നു എന്നതിലല്ല, മറിച്ച് സഖ്യത്തിന്റെ വിജയത്തിലാണ് കാര്യമെന്ന് അദ്ദേഹം വ്യക്തമാക്കി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 150 സീറ്റുകൾ ആവശ്യപ്പെട്ടുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിലൂടെ അഖിലേഷ് യാദവ് ഈ പ്രതികരണം നടത്തിയത്. കോൺഗ്രസിന് കൂടുതൽ സീറ്റ് നൽകിയാലും അതിൽ വിജയിക്കാൻ കഴിയില്ലെന്ന പരിഹാസമാണ് അഖിലേഷ് യാദവ് പങ്കുവെച്ചത്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങൾ നേതാക്കൾ പരസ്യമായി പറയാതെ പാർട്ടിക്ക് ഉള്ളിൽ തന്നെ ചർച്ച ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോൺഗ്രസിന്റെ 150 സീറ്റ് ആവശ്യത്തിനെതിരെ സമാജ്‌വാദി പാർട്ടി എം.പി ശിവപാൽ സിംഗ് പട്ടേൽ കഴിഞ്ഞ ദിവസം കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഉത്തർപ്രദേശ് നിയമസഭയിൽ നിലവിൽ രണ്ട് എം.എൽ.എമാർ മാത്രമുള്ള കോൺഗ്രസിന് ഏഴോ എട്ടോ സീറ്റുകൾക്ക് മാത്രമാണ് അർഹതയുള്ളതെന്ന് അദ്ദേഹം പരിഹസിച്ചു. കോൺഗ്രസിന് പരമാവധി 50 സീറ്റുകൾ വരെ നൽകാമെന്നും അതിൽ കൂടുതൽ നൽകുന്നത് വിജയം നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം വാദിച്ചു. എന്നാൽ, ഇത്തരം പരസ്യ പ്രസ്താവനകൾ സഖ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അഖിലേഷ് യാദവ് ഇപ്പോൾ വിഷയത്തിൽ ഇടപെട്ടിരിക്കുന്നത്. സഖ്യത്തിന്റെ പ്രധാന ലക്ഷ്യം ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുക എന്നതാണെന്ന് അഖിലേഷ് യാദവ് ഓർമ്മിപ്പിച്ചു. വർഗീയ ശക്തികൾ വീണ്ടും തലപൊക്കാതിരിക്കാൻ ഒന്നിച്ചുള്ള പോരാട്ടം അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇൻഡി മുന്നണിയുടെ വിജയം വ്യക്തിഗത പാർട്ടികളുടെ വിജയത്തേക്കാൾ വലുതാണെന്നും ലക്ഷ്യം വ്യക്തമാണെങ്കിൽ യാത്ര എളുപ്പമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ബി.ജെ.പി ഈ ഭിന്നതയെ രൂക്ഷമായി വിമർശിക്കുകയും ഇൻഡി മുന്നണിയിലെ ആഭ്യന്തര തർക്കങ്ങൾ തുറന്നുകാട്ടപ്പെടുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.