അലാസ്‌ക തിരഞ്ഞെടുപ്പ്: അസാധാരണ ഹർജിയുമായി ട്രംപ് ഭരണകൂടം; ഹർജി തള്ളി ഫെഡറൽ കോടതി


2, November, 2026
Updated on 2, November, 2026 9


​വാഷിങ്‌ടൺ: അലാസ്‌കയിലെ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ഔദ്യോഗിക സ്ഥിരീകരണം തടയണമെന്നാവശ്യപ്പെട്ട് അമേരിക്കൻ നീതിന്യായ വകുപ്പ് സമർപ്പിച്ച അസാധാരണ ഹർജി ഫെഡറൽ കോടതി തള്ളി. ഡെമോക്രാറ്റിക് സ്ഥാനാർഥി യുഎസ് സെനറ്റിലേക്ക് വിജയിക്കുകയാണെങ്കിൽ ഫലപ്രഖ്യാപനം തടയണമെന്ന വിചിത്രമായ ആവശ്യവുമായാണ് സർക്കാരിലെ സ്വാധീനം ഉപയോഗിച്ച് ട്രംപ് ഭരണകൂടം കോടതിയെ സമീപിച്ചത്. ഇടക്കാല തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പുറത്തുവന്ന കോടതി വിധി ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും കനത്ത തിരിച്ചടിയായി.പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യക്തിപരമായ നിർദേശപ്രകാരമാണ് നീതിന്യായ വകുപ്പ് കഴിഞ്ഞ ആഴ്ച ഹർജിയുമായി കോടതിയെ സമീപിച്ചത്. ഡാൻ സള്ളിവൻ എന്ന ഒരേ പേരുള്ള രണ്ട് സ്ഥാനാർഥികൾ മത്സരരംഗത്തുള്ളത് വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കിയെന്നും ഇത് തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നുമായിരുന്നു ഭരണകൂടത്തിന്റെ വാദം. ഇതിനായി തിരക്കിട്ട് അന്വേഷണം നടത്തണമെന്നും ഫലപ്രഖ്യാപനം വൈകിപ്പിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് പൂർണ്ണമായും തള്ളുകയായിരുന്നു.നീതിന്യായ വകുപ്പിന്റെ ആവശ്യം നിയമപരമായും പ്രായോഗികമായും നിലനിൽക്കുന്നതല്ലെന്ന് യുഎസ് ജില്ലാ ജഡ്ജി ഷാരോൺ ഗ്ലീസൺ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ദിവസം 'ഡാനിയൽ ജെ. സള്ളിവൻ' എന്ന സ്ഥാനാർഥിക്ക് ലഭിച്ച വോട്ടുകൾ എങ്ങനെ വേർതിരിച്ചെടുക്കുമെന്നതിലോ, വോട്ടർമാരുടെ രഹസ്യസ്വഭാവം സംരക്ഷിച്ചുകൊണ്ട് എങ്ങനെ അന്വേഷണം നടത്തുമെന്നതിലോ വ്യക്തമായ ഒരു പദ്ധതി പോലും മുൻപോട്ടുവെക്കാൻ സർക്കാരിന് സാധിച്ചിട്ടില്ലെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് നീതിന്യായ വകുപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും, ഫെഡറൽ സംവിധാനങ്ങളെ ദുരുപയോഗം ചെയ്ത് സംസ്ഥാനങ്ങളുടെ തിരഞ്ഞെടുപ്പ് നടപടികളിൽ ഇടപെടാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ നീക്കങ്ങൾക്കേറ്റ കനത്ത തിരിച്ചടിയായാണ് ഈ ഉത്തരവ് വിലയിരുത്തപ്പെടുന്നത്.


​


​




​




Feedback and suggestions