അമേരിക്ക ഐക്യവും നീതിയും സമാധാനവും പുലര്‍ത്തണമെന്ന ആഹ്വാനവുമായി ലിയോ മാര്‍പാപ്പ


4, July, 2026
Updated on 4, July, 2026 3


ഫിലാഡല്‍ഫിയ: അമേരിക്ക ഐക്യവും നീതിയും സമാധാനവും പുലര്‍ത്തണമെന്ന ആഹ്വാനവുമായി ആഗോള കത്തോസിക്കാ സഭാ തലവന്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ. ഫിലാഡല്‍ഫിയ നാഷണല്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്തു നടത്തിയ പ്രസംഗത്തിലായിരുന്നു പോപ്പിന്റെ ആഹ്വാനം. 30-ലധികം മതവിഭാഗങ്ങളെ പ്രതിനിധീകരിച്ചിരുന്ന സദസിനെ അഭിസംബോധന ചെയ്ത അദ്ദേഹം ലിബര്‍ട്ടി മെഡല്‍ ധരിച്ചാണ് പ്രസംഗിച്ചത്.തലമുറകള്‍ക്ക് മികച്ച ജീവിതവും സ്വപ്നം കണ്ട ധീരരാല്‍ സ്ഥാപിതമായ ഈ മഹത്തായ രാജ്യത്തിന്റെ പുത്രനെന്ന നിലയില്‍, അമേരിക്കയുടെ ഭാവിക്കായി ദൈവാനുഗ്രഹം പ്രാര്‍ഥിക്കുന്നതില്‍ ഞാനും നിങ്ങളോടൊപ്പം ചേരുന്നു. സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ തുടക്കത്തില്‍ പ്രതിഷ്ഠിക്കപ്പെട്ട മഹത്തായ ആശയങ്ങള്‍ ഐക്യം, നീതി, സമാധാനം എന്നിവയില്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഇനിയും വഴികാട്ടട്ടെ,’ പോപ്പ് പറഞ്ഞു.നാഷണല്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ സെന്ററിന്റെ ഇടക്കാല പ്രസിഡന്റും സിഇഒയുമായ വിന്‍സ് സ്റ്റാംഗോ, ലോകമെമ്പാടും മതസ്വാതന്ത്ര്യവും മനഃസാക്ഷിയുടെ സ്വാതന്ത്ര്യവും പ്രോത്സാഹിപ്പിക്കുന്നതിനായി പോപ്പ് നടത്തിയ ജീവിതകാല പ്രവര്‍ത്തനങ്ങളെ മാനിച്ചാണ് ലിബര്‍ട്ടി മെഡല്‍ സമ്മാനിക്കുന്നതെന്ന് പറഞ്ഞു. അമേരിക്കയുടെ സ്ഥാപക നേതാക്കളും യുഎസ് ഭരണഘടനയിലെ ആദ്യ ഭേദഗതിയും ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളാണ് ഇവയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചടങ്ങില്‍ പങ്കെടുത്ത പെന്‍സില്‍വേനിയ ഗവര്‍ണര്‍ ജോഷ് ഷാപിറോ, ഈ ബഹുമതി നല്‍കാന്‍ ഫിലഡല്‍ഫിയയും കോണ്‍സ്റ്റിറ്റിയൂഷന്‍ സെന്ററും ഏറ്റവും അനുയോജ്യമായ വേദികളാണെന്ന് പറഞ്ഞു. ഷിക്കാഗോയില്‍ ജനിച്ച പോപ്പ് ലിയോ ഫിലഡല്‍ഫിയയ്ക്ക് സമീപമുള്ള വില്ലനോവ സര്‍വകലാശാലയിലാണ് കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ലോകത്ത് അസാധാരണമായ സ്വാധീനം ചെലുത്തിയ മതനേതാവാണ് പോപ്പ് ലിയോ,’ ഷാപിറോ പറഞ്ഞു. അമേരിക്കയുടെ 250-ാം വാര്‍ഷികാഘോഷങ്ങളുടെ തലേന്ന് നടത്തിയ പ്രസംഗത്തില്‍, ‘ഒരു രാജ്യം അഭിവൃദ്ധി പ്രാപിക്കണമെങ്കില്‍ അത് യഥാര്‍ഥത്തില്‍ ഐക്യപ്പെടണം. താല്‍ക്കാലിക ലക്ഷ്യങ്ങളല്ല, കാലാതീതമായ ആദര്‍ശങ്ങളാണ് ആ ഐക്യത്തിന്റെ അടിസ്ഥാനമെന്നും പോപ്പ് പറഞ്ഞു. അമേരിക്കയുടെ സ്ഥാപകര്‍ ഭരണഘടനയില്‍ ഉറപ്പുനല്‍കിയ ആദ്യ അവകാശം ജീവിക്കാനുള്ള അവകാശമാണെന്നും, ‘ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട ഒരാള്‍ക്കും യഥാര്‍ഥ സ്വാതന്ത്ര്യം അനുഭവിക്കാനോ യഥാര്‍ഥ സന്തോഷം തേടാനോ കഴിയില്ല,’ എന്നും അദ്ദേഹം പറഞ്ഞു.




Feedback and suggestions