8, August, 2026
Updated on 8, August, 2026 2
വാഷിംഗ്ടണ്‍: അമേരിക്കയില്‍ ജൂലൈ മാസത്തില്‍ അപ്രതീക്ഷിതമായി 23,000 തൊഴില്‍ നഷ്ടപ്പെട്ടതായി ഫെഡറല്‍ സര്‍ക്കാരിന്റെ പ്രതിമാസ തൊഴില്‍ റിപ്പോര്‍ട്ട്. ജൂണില്‍ 57,000 തൊഴിലവസരങ്ങള്‍ കൂട്ടിച്ചേര്‍ത്തതിന് പിന്നാലെയാണ് ജൂലൈയിലെ തിരിച്ചടി.2026 ന്റെ ആദ്യ പകുതിയില്‍ യുഎസിലെ തൊഴില്‍ മേഖല പൊതുവെ ശക്തമായ നിലയിലായിരുന്നു. ഈ കാലയളവില്‍ പ്രതിമാസം ശരാശരി 92,000 തൊഴിലവസരങ്ങള്‍ കൂട്ടിച്ചേര്‍ത്തിരുന്നു. 2025 ന്റെ രണ്ടാം പകുതിയില്‍ പ്രതിമാസം ശരാശരി 7,000 തൊഴിലുകള്‍ നഷ്ടപ്പെട്ട സാഹചര്യത്തെ അപേക്ഷിച്ച് ഇത് വലിയ പുരോഗതിയായിരുന്നു. എന്നാല്‍ ജൂലൈയിലെ തൊഴില്‍ നഷ്ടം യുഎസ് തൊഴില്‍ വിപണിയിലെ സ്ഥിരത സംബന്ധിച്ച് പുതിയ ആശങ്കകള്‍ക്ക് ഇടയാക്കിയിരിക്കുകയാണ്.
ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് ഇന്ധനവില കുതിച്ചുയര്‍ന്നതും വിവിധ ഉല്‍പ്പന്നങ്ങളുടെ വിതരണച്ചെലവ് വര്‍ധിച്ചതും യുഎസ് സമ്പദ്വ്യവസ്ഥയ്ക്ക് സമ്മര്‍ദം സൃഷ്ടിക്കുന്നുണ്ട്. യുദ്ധത്തെ തുടര്‍ന്ന് മേയില്‍ പണപ്പെരുപ്പം മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയിരുന്നു. ജൂണില്‍ സമാധാനക്കരാറിലേക്ക് എന്ന പ്രചാരണത്തിനു പിന്നാലെ നേരിയ ആശ്വാസം ലഭിച്ചെങ്കിലും, അടുത്തിടെയുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും ഉയര്‍ന്നു.ജൂലൈയിലെ ദുര്‍ബലമായ തൊഴില്‍ കണക്ക് സെപ്റ്റംബറില്‍ പലിശനിരക്ക് ഉയര്‍ത്താനുള്ള ഫെഡറല്‍ റിസര്‍വിന്റെ തീരുമാനത്തെ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.കഴിഞ്ഞയാഴ്ച നടന്ന യോഗത്തില്‍ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് 3.5 മുതല്‍ 3.75 ശതമാനം വരെ നിലവിലെ നിലയില്‍ തുടരാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ 12 അംഗ നയനിര്‍ണയ സമിതിയിലെ മൂന്ന് പേര്‍ പലിശനിരക്ക് ഉയര്‍ത്തുന്നതിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 2016ന് ശേഷം ഒരേ ദിശയില്‍ ഇത്രയും അംഗങ്ങള്‍ വോട്ട് ചെയ്യുന്ന ആദ്യ സംഭവമാണിത്. പണപ്പെരുപ്പം നിയന്ത്രിച്ച് വിലസ്ഥിരത ഉറപ്പാക്കുന്നതില്‍ ഫെഡറല്‍ റിസര്‍വ് ഉറച്ചുനില്‍ക്കുമെന്ന് ഫെഡ് ചെയര്‍ കെവിന്‍ വാര്‍ഷ് വ്യക്തമാക്കി.